മനുഷ്യന് പ്രത്യാശയുണ്ടോ?
വെട്ടിയിട്ട മരം വെള്ളത്തിന്റെ ഗന്ധമേൽക്കുമ്പോൾ വീണ്ടും തളിർക്കുന്നു, എന്നാൽ മനുഷ്യൻ കിടന്നാൽ പിന്നെ എഴുന്നേൽക്കുന്നില്ല. മരിച്ചവർ ജീവിക്കുമോ എന്ന് ഇയ്യോബ് ചിന്തിക്കുന്നു, കോപം കടന്നുപോകുംവരെ ഒളിപ്പിക്കപ്പെട്ട് പിന്നെ തിരികെ വിളിക്കപ്പെടുന്നത് സങ്കൽപ്പിക്കുന്നു, വെള്ളം കല്ലിനെ എന്നപോലെ ദൈവം പ്രത്യാശയെ തേയിച്ചുകളയുന്നു എന്നും പറയുന്നു.
14 1“സ്ത്രീയിൽനിന്നു ജനിച്ച മനുഷ്യൻ അല്പായുസ്സും കഷ്ടതനിറഞ്ഞവനും ആകുന്നു. 2പുഷ്പംപോലെ അവൻ വിരിഞ്ഞു വാടിപ്പോകുന്നു; നിഴൽപോലെ ഓടിയകന്ന് നിലനില്ക്കാതെപോകുന്നു. 3ഇങ്ങനെയുള്ളവന്റെമേൽ അങ്ങ് ദൃഷ്ടിവയ്ക്കുന്നുവോ? എന്നെ അങ്ങയോടൊപ്പം ന്യായവിധിയിലേക്കു കൊണ്ടുവരുന്നുവോ? 4അശുദ്ധമായതിൽനിന്നു ശുദ്ധമായത് ആർക്കു പുറപ്പെടുവിക്കാൻ കഴിയും? ആർക്കും കഴിയുകയില്ല. 5അവന്റെ നാളുകൾ നിർണയിക്കപ്പെട്ടിരിക്കുകയാലും, അവന്റെ മാസങ്ങളുടെ എണ്ണം അങ്ങയുടെ പക്കലായിരിക്കുകയാലും, അങ്ങ് വെച്ചിട്ടുള്ള അതിരുകൾ അവന് കടക്കാനാവാത്തതിനാലും, 6അവന് വിശ്രമിക്കാൻ കഴിയേണ്ടതിന് അവനിൽനിന്നു ദൃഷ്ടി തിരിക്കേണമേ, ഒരു കൂലിക്കാരനെപ്പോലെ അവൻ തന്റെ ദിവസം തികയ്ക്കുവോളം.
7“ഒരു വൃക്ഷത്തിനു പ്രത്യാശയുണ്ട്: അതു മുറിച്ചുകളഞ്ഞാലും വീണ്ടും തളിർക്കും, അതിന്റെ കൂമ്പുകൾ ഇല്ലാതാവുകയില്ല. 8അതിന്റെ വേര് ഭൂമിയിൽ പഴകിയാലും അതിന്റെ കുറ്റി നിലത്തു ചത്തുപോയാലും, 9വെള്ളത്തിന്റെ ഗന്ധമേറ്റാൽ അതു മുളയ്ക്കുകയും ഒരു പുതിയ തൈപോലെ കൊമ്പുകൾ പുറപ്പെടുവിക്കുകയും ചെയ്യും. 10എന്നാൽ മനുഷ്യൻ മരിച്ചു വീണുപോകുന്നു; മനുഷ്യൻ തന്റെ അന്ത്യശ്വാസം വലിക്കുന്നു, പിന്നെ അവൻ എവിടെ? 11ഒരു തടാകത്തിൽനിന്നു വെള്ളം വറ്റിപ്പോകുന്നതുപോലെയും, നദി ക്ഷയിച്ചുണങ്ങിപ്പോകുന്നതുപോലെയും, 12അങ്ങനെ മനുഷ്യൻ കിടക്കുന്നു, എഴുന്നേല്ക്കുന്നതുമില്ല; ആകാശം ഇല്ലാതാകുവോളം, അവൻ ഉണരുകയോ തന്റെ ഉറക്കത്തിൽനിന്ന് എഴുന്നേല്പിക്കപ്പെടുകയോ ഇല്ല.
13“അങ്ങ് എന്നെ ശവക്കുഴിയിൽ ഒളിപ്പിക്കുകയും അങ്ങയുടെ കോപം കടന്നുപോകുവോളം എന്നെ മറച്ചുവയ്ക്കുകയും എനിക്കൊരു നിശ്ചിതസമയം നിയമിക്കുകയും എന്നെ ഓർക്കുകയും ചെയ്തിരുന്നെങ്കിൽ! 14മനുഷ്യൻ മരിച്ചാൽ അവൻ വീണ്ടും ജീവിക്കുമോ? എന്റെ കഠിനസേവയുടെ എല്ലാ നാളുകളിലും, എന്റെ നവീകരണം വരുവോളം, ഞാൻ കാത്തിരിക്കും. 15അങ്ങ് വിളിക്കും, ഞാൻ അങ്ങയോട് ഉത്തരം പറയും; അങ്ങയുടെ കൈകളുടെ പ്രവൃത്തിയെ അങ്ങ് വാഞ്ഛിക്കും. 16അപ്പോൾ അങ്ങ് എന്റെ കാലടികൾ എണ്ണും; എന്റെ പാപത്തെ അങ്ങ് സൂക്ഷിച്ചുനോക്കുകയില്ല. 17എന്റെ അതിക്രമം ഒരു സഞ്ചിയിൽ മുദ്രവച്ചടയ്ക്കപ്പെടും, എന്റെ പാപത്തെ അങ്ങ് മൂടിക്കളയും.
18“എന്നാൽ ഒരു പർവതം വീണു തകർന്ന് ഇല്ലാതാകുന്നതുപോലെയും, ഒരു പാറ അതിന്റെ സ്ഥാനത്തുനിന്നു നീങ്ങുന്നതുപോലെയും, 19വെള്ളം കല്ലുകളെ തേയ്ച്ചുകളയുന്നതുപോലെയും അതിന്റെ പ്രവാഹങ്ങൾ ഭൂമിയുടെ മണ്ണിനെ ഒഴുക്കിക്കളയുന്നതുപോലെയും, അങ്ങ് മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു. 20അങ്ങ് അവനെ എന്നേക്കുമായി കീഴടക്കുന്നു, അവൻ കടന്നുപോകുന്നു; അവന്റെ മുഖം അങ്ങ് വികൃതമാക്കി അവനെ പറഞ്ഞയയ്ക്കുന്നു. 21അവന്റെ പുത്രന്മാർ ബഹുമാനം പ്രാപിക്കുന്നു, അവൻ അതറിയുന്നില്ല; അവർ താഴ്ത്തപ്പെടുന്നു, അവൻ അതു ശ്രദ്ധിക്കുന്നതുമില്ല. 22തന്റെ സ്വന്തം ശരീരത്തിന്റെ വേദന മാത്രം അവൻ അനുഭവിക്കുന്നു, തന്നെക്കുറിച്ചുമാത്രം അവൻ വിലപിക്കുന്നു.”