എന്റെ ആത്മാവ് തകർന്നിരിക്കുന്നു
ഇയ്യോബിന്റെ ആത്മാവ് തകർന്നിരിക്കുന്നു, ശവക്കുഴി വിരിച്ചൊരുക്കിയ കിടക്കപോലെ തോന്നുന്നു. ഒരു സ്നേഹിതനും നൽകാൻ ജ്ഞാനമില്ലാത്തതിനാൽ തനിക്ക് ആര് ജാമ്യം നിൽക്കും എന്ന് അവൻ ചോദിക്കുന്നു. കുഴിയെ അപ്പൻ എന്നും പുഴുവിനെ അമ്മ എന്നും വിളിക്കേണ്ടിവന്നാൽ, അവന്റെ പ്രത്യാശ എവിടെ?
17 1“എന്റെ ആത്മാവ് തകർന്നിരിക്കുന്നു, എന്റെ നാളുകൾ കെട്ടുപോയിരിക്കുന്നു, ശവക്കുഴി എനിക്കായി ഒരുങ്ങിയിരിക്കുന്നു. 2തീർച്ചയായും പരിഹാസക്കാർ എന്നെ വളഞ്ഞിരിക്കുന്നു, അവരുടെ പരിഹാസത്തിൽനിന്ന് മാറിനോക്കുവാൻ എന്റെ കണ്ണുകൾക്കു കഴിയുന്നില്ല.
3“അങ്ങയുടെ അടുക്കൽ എനിക്കായി ഒരു ജാമ്യം വെക്കേണമേ; എന്റെ ജാമ്യക്കാരനായി മറ്റാരാണ് വാക്കു നല്കുക? 4ഗ്രഹിക്കാതവണ്ണം അവരുടെ മനസ്സ് അങ്ങ് അടച്ചുകളഞ്ഞിരിക്കുന്നു; അതുകൊണ്ട് വിജയിക്കുവാൻ അവരെ അങ്ങ് അനുവദിക്കുകയില്ല. 5സ്വന്തലാഭത്തിനായി സ്നേഹിതരെ ഒറ്റിക്കൊടുക്കുന്നവൻ—അവന്റെ മക്കളുടെ കണ്ണുകൾ ക്ഷയിച്ചുപോകും.
6“ജനതകളുടെ ഇടയിൽ അവിടുന്ന് എന്നെ ഒരു പഴഞ്ചൊല്ലാക്കിയിരിക്കുന്നു, മുഖത്തു തുപ്പപ്പെടുന്ന ഒരുവനായി. 7ദുഃഖത്താൽ എന്റെ കണ്ണ് മങ്ങിപ്പോയിരിക്കുന്നു, എന്റെ അവയവങ്ങളെല്ലാം ഒരു നിഴൽപോലെയായിരിക്കുന്നു. 8നേരുള്ളവർ ഇതു കണ്ട് സ്തബ്ധരായിപ്പോകുന്നു, നിർദോഷി ഭക്തിഹീനനെതിരെ ഉണർന്നെഴുന്നേല്ക്കുന്നു. 9എങ്കിലും നീതിമാൻ തന്റെ വഴിയിൽ ഉറച്ചുനില്ക്കുന്നു, ശുദ്ധമായ കൈകളുള്ളവൻ കൂടുതൽ കൂടുതൽ ബലവാനായിത്തീരുന്നു.
10“എന്നാൽ നിങ്ങളെല്ലാവരും തിരികെ വരുവിൻ, ഇപ്പോൾ വരുവിൻ—നിങ്ങളുടെ ഇടയിൽ ജ്ഞാനിയായ ഒരുവനെപ്പോലും ഞാൻ കാണുന്നില്ല. 11എന്റെ നാളുകൾ കഴിഞ്ഞുപോയി, എന്റെ പദ്ധതികൾ അറ്റുപോയി, അവയോടൊപ്പം എന്റെ ഹൃദയത്തിന്റെ ആഗ്രഹങ്ങളും. 12അവർ രാത്രിയെ പകലാക്കി മാറ്റുന്നു; ‘വെളിച്ചം,’ അവർ പറയുന്നു, ‘അടുത്തുണ്ട്’—ഇരുട്ടിന്റെ മുമ്പിൽ. 13ശവക്കുഴിയെ എന്റെ ഭവനമായി ഞാൻ പ്രതീക്ഷിക്കുന്നെങ്കിൽ, ഇരുട്ടിൽ എന്റെ കിടക്ക ഞാൻ വിരിക്കുന്നെങ്കിൽ, 14കുഴിയോട്, ‘നീ എന്റെ പിതാവ്,’ എന്നും പുഴുവിനോട്, ‘എന്റെ അമ്മ,’ ‘എന്റെ സഹോദരി,’ എന്നും ഞാൻ വിളിക്കുന്നെങ്കിൽ, 15പിന്നെ എന്റെ പ്രത്യാശ എവിടെ? എനിക്കായി എന്തെങ്കിലും പ്രത്യാശ ആർക്കു കാണാൻ കഴിയും? 16അത് ശവക്കുഴിയുടെ വാതിലുകളിലേക്ക് ഇറങ്ങിപ്പോകുമോ? നാം ഒരുമിച്ച് പൊടിയിലേക്ക് ഇറങ്ങുമോ?”