ഇവയിൽ ഏറ്റവും വലുത്
അവർ മത്സരിക്കുന്ന ഓരോ വരവും — അന്യഭാഷകൾ, പ്രവചനം, ജ്ഞാനം, മലകളെ നീക്കുന്ന വിശ്വാസം, ഉള്ളതെല്ലാം ദാനം ചെയ്യുന്നതുപോലും — സ്നേഹമില്ലെങ്കിൽ ഏതുമില്ല. സ്നേഹം ദീർഘമായി ക്ഷമിക്കുന്നു, ദോഷത്തിന്റെ കണക്കു സൂക്ഷിക്കുന്നില്ല, വരങ്ങളെക്കാൾ നിലനിൽക്കുന്നു; നാം മുഖാമുഖം കാണുമ്പോൾ വരങ്ങൾ നീങ്ങിപ്പോകും.
13 1മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ ഞാൻ സംസാരിച്ചാലും, എനിക്കു സ്നേഹമില്ലെങ്കിൽ, ഞാൻ മുഴങ്ങുന്ന ചേങ്ങിലയും ചിലമ്പുന്ന കൈത്താളവും ആകുന്നു. 2എനിക്കു പ്രവചിക്കുവാൻ കഴിഞ്ഞാലും, സകല രഹസ്യങ്ങളും സകല അറിവും ഗ്രഹിച്ചാലും, മലകളെ നീക്കുവാൻ തക്ക സകല വിശ്വാസം ഉണ്ടായാലും, സ്നേഹമില്ലെങ്കിൽ, ഞാൻ ഒന്നുമല്ല. 3എനിക്കുള്ളതെല്ലാം ഞാൻ ദാനം ചെയ്താലും, പ്രശംസിക്കേണ്ടതിന് എന്റെ ശരീരം ഏല്പിച്ചുകൊടുത്താലും, എനിക്കു സ്നേഹമില്ലെങ്കിൽ, എനിക്കു ഒരു പ്രയോജനവുമില്ല.
4സ്നേഹം ദീർഘക്ഷമയുള്ളത്, സ്നേഹം ദയയുള്ളത്. അതു അസൂയപ്പെടുന്നില്ല, അതു പ്രശംസിക്കുന്നില്ല, അതു അഹങ്കരിക്കുന്നില്ല. 5അതു അപമര്യാദ കാട്ടുന്നില്ല, സ്വന്തം കാര്യം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷങ്ങളുടെ കണക്കു സൂക്ഷിക്കുന്നില്ല. 6സ്നേഹം അനീതിയിൽ സന്തോഷിക്കുന്നില്ല, സത്യത്തോടുകൂടെ സന്തോഷിക്കുന്നു. 7അതു എല്ലായ്പോഴും സംരക്ഷിക്കുന്നു, എല്ലായ്പോഴും വിശ്വസിക്കുന്നു, എല്ലായ്പോഴും പ്രത്യാശിക്കുന്നു, എല്ലായ്പോഴും സഹിച്ചുനില്ക്കുന്നു.
8സ്നേഹം ഒരുനാളും നീങ്ങിപ്പോകുന്നില്ല. എന്നാൽ പ്രവചനങ്ങൾ അവസാനിക്കും, ഭാഷകൾ നിലയ്ക്കും, അറിവും അവസാനിക്കും. 9എന്തെന്നാൽ നാം അംശമായി അറിയുന്നു, അംശമായി പ്രവചിക്കുന്നു; 10എന്നാൽ പൂർണത വരുമ്പോൾ, അംശമായുള്ളത് ഇല്ലാതാകും. 11ഞാൻ ശിശുവായിരുന്നപ്പോൾ, ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു. പുരുഷനായിത്തീർന്നപ്പോൾ, ശിശുത്വത്തിന്റെ കാര്യങ്ങൾ ഉപേക്ഷിച്ചു. 12എന്തെന്നാൽ ഇപ്പോൾ നാം കണ്ണാടിയിൽ മങ്ങിയ പ്രതിബിംബം കാണുന്നു; അപ്പോഴോ, മുഖാമുഖമായി കാണും. ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ, ഞാൻ പൂർണമായി അറിയപ്പെട്ടിരിക്കുന്നതുപോലെ പൂർണമായി അറിയും. 13ഇപ്പോൾ ഈ മൂന്നും നിലനില്ക്കുന്നു: വിശ്വാസം, പ്രത്യാശ, സ്നേഹം. എന്നാൽ ഇവയിൽ ഏറ്റവും വലുത് സ്നേഹമാകുന്നു.