പിതാവ് ഒരു പുത്രനെ വാഗ്ദാനം ചെയ്യുന്നു
യിസ്രായേൽ നാല്പതു സംവത്സരത്തേക്ക് ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു. നമ്മുടെ പിതാവിന്റെ ദൂതൻ മച്ചിയായ ഒരു സ്ത്രീക്ക് ഗർഭംമുതൽ വേർതിരിക്കപ്പെട്ട ഒരു മകനെ വാഗ്ദാനം ചെയ്യുന്നു, മാനോഹ ചോദിക്കുമ്പോൾ മടങ്ങിവരുന്നു. ആ സന്ദർശകന്റെ നാമം ഗ്രഹിക്കാവുന്നതിനും അപ്പുറമാണ്; അവൻ യാഗപീഠത്തിന്റെ ജ്വാലയിൽ കയറിപ്പോകുന്നു. ശിംശോൻ ജനിക്കുന്നു, അനുഗ്രഹിക്കപ്പെടുന്നു.
13 1ഇസ്രായേൽ ജനം വീണ്ടും നമ്മുടെ പിതാവിന്റെ ദൃഷ്ടിയിൽ തിന്മ ചെയ്തു; അതുകൊണ്ട് അവിടുന്ന് അവരെ നാല്പതു വർഷത്തേക്ക് ഫെലിസ്ത്യരുടെ കൈയിൽ ഏല്പിച്ചു.
2ദാൻ ഗോത്രത്തിലെ സോരാ സ്വദേശിയായ മാനോഹ എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അദ്ദേഹത്തിന്റെ ഭാര്യ വന്ധ്യയായിരുന്നു, അവൾ മക്കളെ പ്രസവിച്ചിരുന്നില്ല.
3നമ്മുടെ പിതാവിന്റെ ദൂതൻ ആ സ്ത്രീക്കു പ്രത്യക്ഷനായി അവളോടു പറഞ്ഞു: “നീ വന്ധ്യയും മക്കളില്ലാത്തവളുമാണ്; എങ്കിലും നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. 4ആകയാൽ നീ വീഞ്ഞോ മദ്യമോ കുടിക്കാതെയും അശുദ്ധമായ യാതൊന്നും ഭക്ഷിക്കാതെയും സൂക്ഷിച്ചുകൊള്ളുക. 5നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടരുത്; എന്തെന്നാൽ ആ ബാലൻ ഗർഭംമുതൽ നമ്മുടെ പിതാവിന്റെ നാസീർവ്രതസ്ഥനായിരിക്കും; ഫെലിസ്ത്യരുടെ കൈയിൽനിന്ന് ഇസ്രായേലിനെ രക്ഷിക്കുവാൻ അവൻ തുടങ്ങും.”
6ആ സ്ത്രീ ചെന്ന് തന്റെ ഭർത്താവിനോടു പറഞ്ഞു: “ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു; അവന്റെ രൂപം നമ്മുടെ പിതാവിന്റെ ദൂതന്റെ രൂപംപോലെ അത്യന്തം ഭയങ്കരമായിരുന്നു. അവൻ എവിടെനിന്നു വന്നു എന്നു ഞാൻ ചോദിച്ചില്ല; അവൻ തന്റെ പേര് എന്നോടു പറഞ്ഞതുമില്ല. 7എന്നാൽ അവൻ എന്നോടു പറഞ്ഞു: ‘നീ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും. ഇപ്പോൾ നീ വീഞ്ഞോ മദ്യമോ കുടിക്കരുത്, അശുദ്ധമായ യാതൊന്നും ഭക്ഷിക്കുകയുമരുത്; എന്തെന്നാൽ ആ ബാലൻ ഗർഭംമുതൽ തന്റെ മരണദിവസംവരെ നമ്മുടെ പിതാവിന്റെ നാസീർവ്രതസ്ഥനായിരിക്കും.’ ”
8അപ്പോൾ മാനോഹ നമ്മുടെ പിതാവിനോട് അപേക്ഷിച്ചു: “എന്റെ നാഥനായ പിതാവേ, അങ്ങ് അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്ന്, ജനിക്കുവാനിരിക്കുന്ന ബാലനുവേണ്ടി ഞങ്ങൾ എന്തു ചെയ്യണമെന്ന് ഞങ്ങളെ പഠിപ്പിക്കേണമേ.”
9നമ്മുടെ പിതാവ് മാനോഹയുടെ അപേക്ഷ കേട്ടു; വയലിൽ ഇരിക്കുകയായിരുന്ന ആ സ്ത്രീയുടെ അടുക്കൽ നമ്മുടെ പിതാവിന്റെ ദൂതൻ വീണ്ടും വന്നു; എന്നാൽ അവളുടെ ഭർത്താവായ മാനോഹ അവളുടെകൂടെ ഉണ്ടായിരുന്നില്ല. 10ആ സ്ത്രീ വേഗം ഓടിച്ചെന്ന് തന്റെ ഭർത്താവിനോടു പറഞ്ഞു: “ഇതാ, അന്ന് എന്റെ അടുക്കൽ വന്ന പുരുഷൻ വീണ്ടും എനിക്കു പ്രത്യക്ഷനായിരിക്കുന്നു!”
11മാനോഹ എഴുന്നേറ്റ് തന്റെ ഭാര്യയെ അനുഗമിച്ച് ആ പുരുഷന്റെ അടുക്കൽ വന്നു. അവൻ ചോദിച്ചു: “ഈ സ്ത്രീയോടു സംസാരിച്ച പുരുഷൻ നിങ്ങൾതന്നെയോ?” “അതേ, ഞാൻതന്നെ,” എന്ന് അവൻ പറഞ്ഞു.
12മാനോഹ പറഞ്ഞു: “നിങ്ങളുടെ വാക്കുകൾ നിറവേറുമ്പോൾ, ആ ബാലന്റെ ജീവിതരീതിയും പ്രവൃത്തിയും എങ്ങനെയായിരിക്കണം?”
13നമ്മുടെ പിതാവിന്റെ ദൂതൻ മാനോഹയോടു പറഞ്ഞു: “ഞാൻ അവളോടു പറഞ്ഞതെല്ലാം അവൾ സൂക്ഷിച്ചുകൊള്ളണം. 14മുന്തിരിവള്ളിയിൽനിന്നു ലഭിക്കുന്ന യാതൊന്നും അവൾ ഭക്ഷിക്കരുത്; വീഞ്ഞോ മദ്യമോ കുടിക്കരുത്; അശുദ്ധമായ യാതൊന്നും ഭക്ഷിക്കരുത്. ഞാൻ അവളോടു കല്പിച്ചതെല്ലാം അവൾ പാലിക്കണം.”
15മാനോഹ നമ്മുടെ പിതാവിന്റെ ദൂതനോടു പറഞ്ഞു: “ദയവായി നിങ്ങളെ ഞങ്ങൾ താമസിപ്പിക്കട്ടെ; ഞങ്ങൾ നിങ്ങൾക്കുവേണ്ടി ഒരു കോലാട്ടിൻകുട്ടിയെ ഒരുക്കാം.”
16നമ്മുടെ പിതാവിന്റെ ദൂതൻ മാനോഹയോടു പറഞ്ഞു: “നിങ്ങൾ എന്നെ താമസിപ്പിച്ചാലും ഞാൻ നിങ്ങളുടെ ആഹാരം ഭക്ഷിക്കുകയില്ല; എന്നാൽ നിങ്ങൾ ഒരു ഹോമയാഗം ഒരുക്കുന്നെങ്കിൽ, അതു നമ്മുടെ പിതാവിന് അർപ്പിക്കുവിൻ.” (വന്നവൻ നമ്മുടെ പിതാവിന്റെ ദൂതനാണെന്ന് മാനോഹ അറിഞ്ഞിരുന്നില്ല.).
17മാനോഹ നമ്മുടെ പിതാവിന്റെ ദൂതനോടു ചോദിച്ചു: “നിങ്ങളുടെ വാക്കുകൾ നിറവേറുമ്പോൾ ഞങ്ങൾ നിങ്ങളെ ബഹുമാനിക്കേണ്ടതിന്, നിങ്ങളുടെ പേര് എന്താകുന്നു?”
18നമ്മുടെ പിതാവിന്റെ ദൂതൻ അവനോടു പറഞ്ഞു: “എന്റെ പേര് എന്തിന് ചോദിക്കുന്നു? അത് ഗ്രഹിക്കുവാൻ കഴിയാത്തതാകുന്നു.”
19അങ്ങനെ മാനോഹ ആ കോലാട്ടിൻകുട്ടിയെയും ഭോജനയാഗത്തെയും എടുത്ത്, അത്ഭുതം പ്രവർത്തിക്കുന്ന നമ്മുടെ പിതാവിന് ഒരു പാറമേൽ അർപ്പിച്ചു; മാനോഹയും ഭാര്യയും അതു നോക്കിനിന്നു. 20യാഗപീഠത്തിൽനിന്നുള്ള അഗ്നിജ്വാല ആകാശത്തേക്ക് ഉയർന്നപ്പോൾ, നമ്മുടെ പിതാവിന്റെ ദൂതൻ ആ യാഗപീഠത്തിലെ ജ്വാലയിൽ ഉയർന്നുപോയി. മാനോഹയും ഭാര്യയും ഇതു കണ്ട് സാഷ്ടാംഗം നിലത്തുവീണു. 21നമ്മുടെ പിതാവിന്റെ ദൂതൻ പിന്നീട് മാനോഹയ്ക്കും ഭാര്യയ്ക്കും പ്രത്യക്ഷനായില്ല. അപ്പോൾ അവൻ നമ്മുടെ പിതാവിന്റെ ദൂതനായിരുന്നുവെന്ന് മാനോഹ അറിഞ്ഞു. 22“നാം തീർച്ചയായും മരിക്കും; എന്തെന്നാൽ നാം നമ്മുടെ പിതാവിനെ കണ്ടുവല്ലോ!” എന്ന് മാനോഹ തന്റെ ഭാര്യയോടു പറഞ്ഞു.
23അവന്റെ ഭാര്യ അവനോടു പറഞ്ഞു: “നമ്മെ കൊല്ലുവാൻ നമ്മുടെ പിതാവ് ഇച്ഛിച്ചിരുന്നെങ്കിൽ, അവിടുന്ന് നമ്മുടെ കൈയിൽനിന്ന് ഹോമയാഗവും ഭോജനയാഗവും സ്വീകരിക്കുകയോ, ഇതെല്ലാം നമ്മെ കാണിക്കുകയോ, ഇപ്പോൾ ഇതു നമ്മെ കേൾപ്പിക്കുകയോ ചെയ്യുമായിരുന്നില്ല.” 24ആ സ്ത്രീ ഒരു മകനെ പ്രസവിച്ച് അവന് ശിംശോൻ എന്നു പേരിട്ടു. ആ ബാലൻ വളർന്നു; നമ്മുടെ പിതാവ് അവനെ അനുഗ്രഹിച്ചു. 25നമ്മുടെ പിതാവിന്റെ ആത്മാവ് സോരായ്ക്കും എസ്തായോലിനും ഇടയിലുള്ള മഹനേ-ദാനിൽവച്ച് അവനെ ഇളക്കിത്തുടങ്ങി.