ഇസ്രായേൽ പ്രഭുക്കന്മാർക്കായുള്ള വിലാപം
യെഹൂദയിലെ രാജാക്കന്മാർക്കുവേണ്ടിയുള്ള ഒരു വിലാപഗീതം: രണ്ടു കുട്ടികളും കെണിയിൽ അകപ്പെട്ട് കൂട്ടിലടയ്ക്കപ്പെട്ട ഒരു സിംഹിയായും, ചെങ്കോലിനു കൊള്ളാവുന്ന ബലമുള്ള ഒരു കൊമ്പും ശേഷിക്കാത്തവിധം പിഴുതെടുത്തു ചുട്ടുകളഞ്ഞ ഒരു മുന്തിരിവള്ളിയായും അതു പറയപ്പെടുന്നു. അവസാനം ഒരു വാഗ്ദാനവുമില്ല. അതു വിലാപമായിത്തന്നെ നിലനിൽക്കുന്നു.
19 1“നീ ഇസ്രായേൽ പ്രഭുക്കന്മാർക്കായി ഒരു വിലാപം ആലപിക്കുക, 2ഇപ്രകാരം പറയുക: നിന്റെ അമ്മ ആരായിരുന്നു? ഒരു സിംഹി. സിംഹങ്ങളുടെ ഇടയിൽ അവൾ കിടന്നു, ബാലസിംഹങ്ങളുടെ ഇടയിൽ അവൾ തന്റെ കുട്ടികളെ വളർത്തി. a a v2 സിംഹി യെഹൂദയുടെ രാജകുടുംബമാണ്; അവളുടെ കുട്ടികൾ അവളുടെ രാജാക്കന്മാരും — യെഹൂദയുടെ അവസാന ഭരണാധികാരികളുടെ പതനം ചിത്രീകരിക്കുന്ന ഒരു വിലാപഗീതമാണ് ഈ അധ്യായം മുഴുവൻ. 3അവൾ തന്റെ കുട്ടികളിൽ ഒന്നിനെ വളർത്തി, അത് ഒരു ബാലസിംഹമായിത്തീർന്നു. ഇരയെ കീറിമുറിക്കാൻ അത് പഠിച്ചു; മനുഷ്യരെ അത് വിഴുങ്ങി. 4ജനതകൾ അതിനെക്കുറിച്ച് കേട്ടു; അവരുടെ കുഴിയിൽ അത് അകപ്പെട്ടു, കൊളുത്തുകളാൽ അവർ അതിനെ ഈജിപ്റ്റ് ദേശത്തേക്ക് കൊണ്ടുപോയി. 5താൻ വൃഥാ കാത്തിരുന്നുവെന്നും തന്റെ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും കണ്ടപ്പോൾ, അവൾ തന്റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്ത് ഒരു ബാലസിംഹമാക്കി. 6സിംഹങ്ങളുടെ ഇടയിൽ അത് ചുറ്റിനടന്നു; അത് ഒരു ബാലസിംഹമായിത്തീർന്നു. ഇരയെ കീറിമുറിക്കാൻ അത് പഠിച്ചു; മനുഷ്യരെ അത് വിഴുങ്ങി. 7അവരുടെ കോട്ടകൾ അത് തകർത്തു, അവരുടെ നഗരങ്ങൾ ശൂന്യമാക്കി. അതിന്റെ ഗർജനത്തിന്റെ ശബ്ദത്താൽ ദേശവും അതിൽ വസിച്ചിരുന്ന എല്ലാവരും സ്തംഭിച്ചുപോയി. 8അപ്പോൾ ചുറ്റുമുള്ള എല്ലാ പ്രവിശ്യകളിൽനിന്നും ജനതകൾ അതിനെതിരേ വന്നു; അവർ അതിന്മേൽ തങ്ങളുടെ വല വിരിച്ചു, അവരുടെ കുഴിയിൽ അത് അകപ്പെട്ടു. 9കൊളുത്തുകളാൽ അവർ അതിനെ ഒരു കൂട്ടിലാക്കി ബാബിലോൺ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. ഇസ്രായേൽ പർവതങ്ങളിൽ അതിന്റെ ശബ്ദം ഇനി കേൾക്കാതിരിക്കേണ്ടതിന് അവർ അതിനെ കോട്ടകളിലേക്ക് കൊണ്ടുവന്നു. 10നിന്റെ അമ്മ നിന്റെ മുന്തിരിത്തോട്ടത്തിലെ ഒരു മുന്തിരിവള്ളിപോലെ ആയിരുന്നു, വെള്ളത്തിനരികെ നട്ടത്, സമൃദ്ധമായ ജലംനിമിത്തം ഫലപുഷ്ടിയുള്ളതും ശാഖകൾ നിറഞ്ഞതുമായിരുന്നു. 11ഭരണാധികാരികളുടെ ചെങ്കോലുകൾക്ക് യോജിച്ച ബലമുള്ള ശാഖകൾ അതിനുണ്ടായിരുന്നു. ഇടതൂർന്ന കൊമ്പുകളുടെ ഇടയിൽ അത് ഉയർന്നുനിന്നു, തന്റെ ശാഖകളുടെ പെരുപ്പത്തിനിടയിൽ ഉയരംകൊണ്ട് അത് ദൃശ്യമായിരുന്നു. 12എന്നാൽ ക്രോധത്തോടെ അത് വേരോടെ പിഴുതെറിയപ്പെട്ടു, നിലത്തേക്ക് എറിയപ്പെട്ടു; കിഴക്കൻ കാറ്റ് അതിന്റെ ഫലം ഉണക്കിക്കളഞ്ഞു. അതിന്റെ ബലമുള്ള ശാഖകൾ അടർത്തിയെടുക്കപ്പെട്ട് വാടിപ്പോയി; തീ അവയെ ദഹിപ്പിച്ചു. 13ഇപ്പോൾ അത് മരുഭൂമിയിൽ, വരണ്ടതും ദാഹമുള്ളതുമായ ഒരു ദേശത്ത് നട്ടിരിക്കുന്നു. 14അതിന്റെ തണ്ടിൽനിന്ന് തീ പൊട്ടിപ്പുറപ്പെട്ട് അതിന്റെ ശാഖകളെയും ഫലത്തെയും ദഹിപ്പിച്ചു, അതിൽ ബലമുള്ള ഒരു ശാഖയും, ഭരിക്കാനുള്ള ഒരു ചെങ്കോലും ശേഷിക്കാത്തവിധം. ഇത് ഒരു വിലാപമാകുന്നു, ഇത് ഒരു വിലാപമായിത്തീർന്നിരിക്കുന്നു.” b b v14 പ്രവചനമായി എഴുതപ്പെട്ട ഈ കാവ്യം ഇപ്പോൾ നിറവേറിയിരിക്കുന്നു, ഒരു യഥാർഥ ശവസംസ്കാരഗീതമായി ആലപിക്കപ്പെടുന്നു എന്നാണ് ഈ അവസാനവരി അർഥമാക്കുന്നത്.