എന്റെ സാക്ഷാൽ മകനായ തീത്തൊസിന്
ക്രേത്ത ദ്വീപിൽ മൂപ്പന്മാരെ നിയമിക്കുന്നതിനെയും ആരോഗ്യകരമായ ഉപദേശം പഠിപ്പിക്കുന്നതിനെയും കുറിച്ച് തീത്തൊസിനുള്ള നിർദ്ദേശങ്ങൾ.
1 1നമ്മുടെ പിതാവിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൗലൊസ്, നമ്മുടെ പിതാവിന്റെ തിരഞ്ഞെടുക്കപ്പെട്ടവരുടെ വിശ്വാസത്തിനും ദൈവഭക്തിയിലേക്കു നയിക്കുന്ന സത്യത്തിന്റെ പരിജ്ഞാനത്തിനുംവേണ്ടി, 2ഒരിക്കലും ഭോഷ്കു പറയാത്ത നമ്മുടെ പിതാവ് യുഗങ്ങൾ ആരംഭിക്കുന്നതിനു മുമ്പേ വാഗ്ദാനം ചെയ്ത അനശ്വരജീവന്റെ പ്രത്യാശയിൽത്തന്നെ; 3നമ്മുടെ രക്ഷകനായ നമ്മുടെ പിതാവിന്റെ കല്പനയാൽ എന്നെ ഭരമേല്പിച്ച സന്ദേശത്തിലൂടെ തന്റെ തക്കസമയത്ത് അവിടുന്ന് തന്റെ വചനം വെളിപ്പെടുത്തി. 4പൊതുവിശ്വാസത്തിൽ എന്റെ സാക്ഷാൽ മകനായ തീത്തൊസിന്: നമ്മുടെ പിതാവിങ്കൽനിന്നും നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിങ്കൽനിന്നും കൃപയും സമാധാനവും ഉണ്ടാകട്ടെ.
പിതാവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുന്ന മൂപ്പന്മാർ
5ശേഷിച്ചവ ക്രമപ്പെടുത്തുവാനും ഞാൻ നിന്നോടു കല്പിച്ചതുപോലെ ഓരോ പട്ടണത്തിലും മൂപ്പന്മാരെ നിയമിക്കുവാനുംവേണ്ടിയാണ് ഞാൻ നിന്നെ ക്രേത്തയിൽ വിട്ടേച്ചുപോന്നത്. 6മൂപ്പൻ കുറ്റമറ്റവനും ഏകഭാര്യയുള്ള ഭർത്താവും ദുർന്നടപ്പിനോ അനുസരണക്കേടിനോ ആരോപണമില്ലാത്ത വിശ്വസ്തരായ മക്കളുള്ളവനും ആയിരിക്കണം. 7അധ്യക്ഷൻ നമ്മുടെ പിതാവിന്റെ കാര്യവിചാരകനെന്ന നിലയിൽ കുറ്റമറ്റവൻ ആയിരിക്കണം—അഹങ്കാരിയല്ല, മുൻകോപിയല്ല, മദ്യപനല്ല, അടിപിടിക്കാരനല്ല, നീചലാഭത്തിൽ അത്യാഗ്രഹിയുമല്ല, 8പിന്നെയോ അതിഥിപ്രിയനും സൽഗുണപ്രിയനും ആത്മനിയന്ത്രണമുള്ളവനും നീതിമാനും വിശുദ്ധനും സംയമിയും ആയിരിക്കണം. 9പഠിപ്പിക്കപ്പെട്ടപ്രകാരം വിശ്വാസയോഗ്യമായ വചനം അവൻ മുറുകെ പിടിക്കണം; അങ്ങനെ പത്ഥ്യോപദേശത്താൽ പ്രബോധിപ്പിക്കുവാനും എതിർക്കുന്നവരെ ഖണ്ഡിക്കുവാനും അവനു കഴിയും.
10അനേകർ അനുസരണമില്ലാത്തവരും വ്യർഥവാദികളും മറ്റുള്ളവരെ വഴിതെറ്റിക്കുന്നവരുമാകുന്നു—വിശേഷിച്ചും പരിച്ഛേദനക്കാർ. a a v10 ‘പരിച്ഛേദനക്കാർ’ എന്നത്, വിജാതീയ വിശ്വാസികൾ യഥാർഥമായി രക്ഷിക്കപ്പെടണമെങ്കിൽ പരിച്ഛേദനയേൽക്കണമെന്നു ശഠിച്ച യെഹൂദപശ്ചാത്തലമുള്ള ഉപദേഷ്ടാക്കളെ സൂചിപ്പിക്കുന്നു. 11അരുതാത്തതു പഠിപ്പിച്ച് ലജ്ജാകരമായ ലാഭത്തിനായി അവർ കുടുംബങ്ങളെ മുഴുവൻ തകർക്കുന്നതിനാൽ അവരെ മിണ്ടാതാക്കേണ്ടതാകുന്നു. 12അവരുടെതന്നെ പ്രവാചകന്മാരിൽ ഒരുവൻ ഇങ്ങനെ പറഞ്ഞു: “ക്രേത്തർ എപ്പോഴും ഭോഷ്കുപറയുന്നവരും ദുഷ്ടമൃഗങ്ങളും മടിയന്മാരായ തീറ്റക്കൊതിയന്മാരും ആകുന്നു.” 13ഈ സാക്ഷ്യം സത്യമാകുന്നു. അതുകൊണ്ട് അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന് അവരെ കഠിനമായി ശാസിക്കുക, 14യെഹൂദകെട്ടുകഥകളും സത്യത്തെ തള്ളിക്കളയുന്നവരുടെ കല്പനകളും അവർ ശ്രദ്ധിക്കാതിരിക്കേണ്ടതിനുംതന്നെ. 15നിർമലർക്കു സകലവും നിർമലം; എന്നാൽ മലിനരും അവിശ്വാസികളുമായവർക്ക് ഒന്നും നിർമലമല്ല—അവരുടെ മനസ്സും മനസ്സാക്ഷിയും മലിനമായിരിക്കുന്നു. 16തങ്ങൾ നമ്മുടെ പിതാവിനെ അറിയുന്നു എന്ന് അവർ അവകാശപ്പെടുന്നു; എന്നാൽ തങ്ങളുടെ പ്രവൃത്തികളാൽ അവിടുത്തെ നിഷേധിക്കുന്നു—അവർ അറപ്പുളവാക്കുന്നവരും അനുസരണംകെട്ടവരും യാതൊരു സൽപ്രവൃത്തിക്കും കൊള്ളരുതാത്തവരുമാകുന്നു.