ക്രൂശിതനായ ക്രിസ്തു മാത്രം
പൗലൊസ് മനഃപൂർവ്വം വന്നത് മതിപ്പുളവാക്കുന്ന വാക്ചാതുര്യമൊന്നും കൂടാതെ, ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ മാത്രം കൊണ്ടാണ്; അവരുടെ വിശ്വാസം പ്രസംഗകന്റെ സാമർത്ഥ്യത്തിലല്ല, നമ്മുടെ പിതാവിന്റെ ശക്തിയിൽ ഉറച്ചുനിൽക്കേണ്ടതിനുതന്നെ. അവൻ പഠിപ്പിക്കുന്ന ജ്ഞാനം മറഞ്ഞിരിക്കുന്നതും കാലം തുടങ്ങുംമുമ്പേ ഒരുക്കിയതും നമ്മുടെ പിതാവിന്റെ ആത്മാവ് വെളിപ്പെടുത്തുമ്പോൾ മാത്രം അറിയാവുന്നതുമാണ്.
2 1സഹോദരീസഹോദരന്മാരേ, ഞാൻ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ, വാക്ചാതുര്യത്തോടെയോ ജ്ഞാനത്തോടെയോ അല്ല നമ്മുടെ പിതാവിന്റെ സാക്ഷ്യം ഞാൻ ഘോഷിച്ചത്. 2എന്തെന്നാൽ, ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെയല്ലാതെ മറ്റൊന്നും നിങ്ങളുടെ ഇടയിൽ അറിയാതിരിക്കുവാൻ ഞാൻ നിശ്ചയിച്ചിരുന്നു. 3ബലഹീനതയോടും ഭയത്തോടും വളരെ വിറയലോടുംകൂടി ഞാൻ നിങ്ങളുടെ അടുക്കൽ വന്നു. 4എന്റെ വചനവും പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളെയല്ല, പരിശുദ്ധാത്മാവിന്റെയും ശക്തിയുടെയും തെളിവിനെയാണ് ആശ്രയിച്ചത്, 5നിങ്ങളുടെ വിശ്വാസം മാനുഷികജ്ഞാനത്തിലല്ല, നമ്മുടെ പിതാവിന്റെ ശക്തിയിൽ ആശ്രയിച്ചിരിക്കേണ്ടതിന്.
6പക്വതയുള്ളവരുടെ ഇടയിൽ ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു—ഈ യുഗത്തിന്റെ ജ്ഞാനമല്ല, നശിച്ചുപോകുന്ന ഈ യുഗത്തിന്റെ അധിപതികളുടെ ജ്ഞാനവുമല്ല. 7ഇല്ല, നമ്മുടെ പിതാവിന്റെ ജ്ഞാനമാണ് ഞങ്ങൾ സംസാരിക്കുന്നത്; നമ്മുടെ മഹത്ത്വത്തിനായി കാലം ആരംഭിക്കുന്നതിനുമുമ്പ് നമ്മുടെ പിതാവ് നിയമിച്ച, മറഞ്ഞിരുന്ന രഹസ്യമത്രേ അത്. 8ഈ യുഗത്തിന്റെ അധിപതികളിൽ ആരും അത് അറിഞ്ഞില്ല; അറിഞ്ഞിരുന്നെങ്കിൽ, അവർ മഹത്ത്വത്തിന്റെ കർത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു. 9എഴുതിയിരിക്കുന്നതുപോലെ: “ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു ചെവിയും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യഹൃദയവും നിരൂപിച്ചിട്ടില്ലാത്തതുമായവ—അവിടുത്തെ സ്നേഹിക്കുന്നവർക്കുവേണ്ടി നമ്മുടെ പിതാവ് ഒരുക്കിയിരിക്കുന്നു.”
10എന്നാൽ നമ്മുടെ പിതാവ് ആത്മാവിലൂടെ അവ നമുക്ക് വെളിപ്പെടുത്തി; എന്തെന്നാൽ ആത്മാവ് സകലവും, നമ്മുടെ പിതാവിന്റെ ആഴങ്ങൾപോലും, പരിശോധിക്കുന്നു. 11ഒരു മനുഷ്യന്റെ ഉള്ളിലുള്ള തന്റെ ആത്മാവല്ലാതെ അവന്റെ വിചാരങ്ങൾ ആർ അറിയുന്നു? അങ്ങനെതന്നെ, നമ്മുടെ പിതാവിന്റെ ആത്മാവല്ലാതെ നമ്മുടെ പിതാവിന്റെ വിചാരങ്ങൾ ആരും അറിയുന്നില്ല. 12നമ്മുടെ പിതാവ് നമുക്ക് സൗജന്യമായി നല്കിയത് നാം അറിയേണ്ടതിന്, ലോകത്തിന്റെ ആത്മാവിനെയല്ല, നമ്മുടെ പിതാവിൽനിന്നുള്ള ആത്മാവിനെയാണ് നാം പ്രാപിച്ചത്. 13മാനുഷികജ്ഞാനം പഠിപ്പിക്കുന്ന വാക്കുകളിലല്ല, ആത്മാവ് പഠിപ്പിക്കുന്ന വാക്കുകളിൽ ഇത് ഞങ്ങൾ സംസാരിക്കുന്നു; ആത്മീയകാര്യങ്ങൾ ആത്മീയമനുഷ്യർക്ക് വിവരിച്ചുകൊടുക്കുന്നു. 14ആത്മാവില്ലാത്ത മനുഷ്യൻ നമ്മുടെ പിതാവിന്റെ ആത്മാവിൽനിന്നു വരുന്നതു സ്വീകരിക്കുന്നില്ല; അത് അവന് ഭോഷത്തമായിരിക്കുന്നു, ആത്മീയവിവേചനം ആവശ്യമായതിനാൽ അവന് അതു ഗ്രഹിക്കുവാൻ കഴിയുകയുമില്ല. 15ആത്മീയനായ മനുഷ്യൻ സകലവും വിവേചിക്കുന്നു, എന്നാൽ അവനോ ആരുടെയും വിധിക്കു വിധേയനല്ല. 16എന്തെന്നാൽ, “നമ്മുടെ പിതാവിന്റെ മനസ്സ് അറിഞ്ഞ്, അവിടുത്തെ ഉപദേശിക്കുവാൻ ആർക്കു കഴിഞ്ഞിരിക്കുന്നു?” എന്നാൽ ഞങ്ങൾക്കോ ക്രിസ്തുവിന്റെ മനസ്സുണ്ട്.