വിവാഹത്തെക്കുറിച്ച് നമ്മുടെ പിതാവിന്റെ പദ്ധതി
നമ്മുടെ പിതാവ് ആദിയിൽ അവരെ സൃഷ്ടിച്ച വിധത്തിലാണ് യേശു വിവാഹത്തെ ഉറപ്പിക്കുന്നത്; ശിഷ്യന്മാർ ആട്ടിയകറ്റിക്കൊണ്ടിരുന്ന ശിശുക്കളെ അവൻ സ്വീകരിക്കുന്നു, മാന്യനും ധനികനുമായ ഒരു യുവാവിനോട് സകലവും വിൽക്കാൻ പറയുന്നു. അവൻ ദുഃഖിച്ചു പോകുന്നു. മനുഷ്യർക്ക് അസാധ്യമായത് നമ്മുടെ പിതാവിനു സാധ്യമാണ്.
19 1യേശു ഈ വാക്കുകൾ പറഞ്ഞുതീർന്നപ്പോൾ, അവിടുന്ന് ഗലീലവിട്ട് യോർദാനക്കരെയുള്ള യെഹൂദ്യപ്രദേശത്തേക്കു പോയി. 2വലിയ ജനക്കൂട്ടം അവിടുത്തെ അനുഗമിച്ചു; അവിടുന്ന് അവരെ അവിടെവച്ചു സൗഖ്യമാക്കി.
3പരീശന്മാർ അവിടുത്തെ പരീക്ഷിക്കുവാൻ വന്ന് ഇങ്ങനെ ചോദിച്ചു: “ഏതു കാരണത്താലും ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ?”
4അവിടുന്ന് മറുപടി പറഞ്ഞു: “ആരംഭത്തിൽ അവരെ സൃഷ്ടിച്ച നമ്മുടെ പിതാവ് അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും, 5‘അതുകൊണ്ട് ഒരു പുരുഷൻ തന്റെ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ശരീരമായിത്തീരും’ എന്ന് അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? 6അതിനാൽ അവർ ഇനി രണ്ടല്ല, ഒരു ശരീരമത്രേ; അതുകൊണ്ട്, നമ്മുടെ പിതാവ് യോജിപ്പിച്ചതിനെ ആരും വേർപെടുത്താതിരിക്കട്ടെ.”
7അവർ അവിടുത്തോടു ചോദിച്ചു: “എന്നാൽ ഒരു പുരുഷൻ ഉപേക്ഷണപത്രം കൊടുത്ത് ഭാര്യയെ അയച്ചുകളയണമെന്ന് മോശ കൽപിച്ചത് എന്തുകൊണ്ട്?”
8അവിടുന്ന് അവരോടു പറഞ്ഞു: “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ് നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കുവാൻ മോശ അനുവദിച്ചത്; എന്നാൽ ആരംഭം മുതൽ അങ്ങനെ ആയിരുന്നില്ല. 9ഞാൻ നിങ്ങളോടു പറയുന്നു: ലൈംഗികപാപം ഒഴികെ മറ്റൊരു കാരണത്താൽ തന്റെ ഭാര്യയെ ഉപേക്ഷിച്ച് വേറൊരുവളെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു.”
10ശിഷ്യന്മാർ അവിടുത്തോടു പറഞ്ഞു: “ഭർത്താവിന്റെയും ഭാര്യയുടെയും ഇടയിലെ സ്ഥിതി ഇതാണെങ്കിൽ, വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്.”
11അവിടുന്ന് അവരോടു പറഞ്ഞു: “ഈ വചനം എല്ലാവർക്കും സ്വീകരിക്കുവാൻ കഴിയുകയില്ല; ആർക്കു നൽകപ്പെട്ടിരിക്കുന്നുവോ അവർക്കുമാത്രമേ കഴിയൂ. 12അമ്മയുടെ ഗർഭത്തിൽനിന്ന് അങ്ങനെ ജനിച്ച ഷണ്ഡന്മാരുണ്ട്; മറ്റുള്ളവർ അങ്ങനെ ആക്കിത്തീർത്ത ഷണ്ഡന്മാരുണ്ട്; നമ്മുടെ പിതാവിന്റെ രാജ്യത്തെപ്രതി തങ്ങളെത്തന്നെ അങ്ങനെ ആക്കിയ ഷണ്ഡന്മാരുമുണ്ട്. സ്വീകരിക്കുവാൻ കഴിയുന്നവൻ ഇത് സ്വീകരിക്കട്ടെ.”
യേശു കുഞ്ഞുങ്ങളെ സ്വീകരിക്കുന്നു
13അപ്പോൾ അവിടുന്ന് കൈകൾവച്ച് പ്രാർഥിക്കേണ്ടതിന് ചില കുഞ്ഞുങ്ങളെ അവിടുത്തെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ അവരെ കൊണ്ടുവന്നവരെ ശിഷ്യന്മാർ ശാസിച്ചു.
14എന്നാൽ യേശു പറഞ്ഞു: “കുഞ്ഞുങ്ങളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്കുവിൻ; അവരെ തടയരുത്; എന്തെന്നാൽ നമ്മുടെ പിതാവിന്റെ രാജ്യം ഇവരെപ്പോലെയുള്ളവരുടേതാകുന്നു.”
15അവിടുന്ന് അവരുടെമേൽ കൈകൾവച്ചശേഷം അവിടെനിന്ന് യാത്രയായി.
അവനു കുറവായിരുന്ന ഒരു കാര്യം
16അപ്പോൾത്തന്നെ ഒരു മനുഷ്യൻ അവിടുത്തെ അടുക്കൽ വന്ന് ചോദിച്ചു: “ഗുരോ, അനശ്വരജീവൻ പ്രാപിക്കുവാൻ ഞാൻ എന്തു നന്മ ചെയ്യണം?”
17അവിടുന്ന് അവനോടു പറഞ്ഞു: “നന്മയെക്കുറിച്ച് നീ എന്നോടു ചോദിക്കുന്നതെന്തിന്? ഒരുവൻമാത്രമേ നല്ലവനായുള്ളൂ. ജീവനിൽ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ, കൽപനകൾ പാലിക്കുക.”
18“ഏവ?” എന്ന് അവൻ ചോദിച്ചു. യേശു പറഞ്ഞു: “കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, 19നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക.”
20ആ യുവാവ് അവിടുത്തോടു പറഞ്ഞു: “ഇവയെല്ലാം ഞാൻ പാലിച്ചിട്ടുണ്ട്. ഇനിയും എനിക്ക് എന്തു കുറവുണ്ട്?”
21യേശു അവനോടു പറഞ്ഞു: “പൂർണനാകുവാൻ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിന്റെ വസ്തുവകകൾ വിറ്റ് ദരിദ്രർക്കു കൊടുക്കുക; അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്കുക.”
22ഇതു കേട്ടപ്പോൾ, വളരെ സമ്പത്ത് ഉണ്ടായിരുന്നതിനാൽ ആ യുവാവ് ദുഃഖിച്ചുകൊണ്ട് പോയി.
23യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഒരു ധനവാൻ നമ്മുടെ പിതാവിന്റെ രാജ്യത്തിൽ പ്രവേശിക്കുക പ്രയാസം. 24ഞാൻ വീണ്ടും നിങ്ങളോടു പറയുന്നു: ഒരു ധനവാൻ നമ്മുടെ പിതാവിന്റെ രാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിയുടെ കുഴയിലൂടെ കടക്കുന്നതാണ്.”
25ഇതു കേട്ടപ്പോൾ ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ച് ചോദിച്ചു: “എന്നാൽ ആർക്കു രക്ഷിക്കപ്പെടുവാൻ കഴിയും?”
26യേശു അവരെ നോക്കി പറഞ്ഞു: “ഇത് മനുഷ്യർക്ക് അസാധ്യമാകുന്നു; എന്നാൽ നമ്മുടെ പിതാവിന് സകലവും സാധ്യമാകുന്നു.”
27അപ്പോൾ പത്രോസ് അവിടുത്തോടു പറഞ്ഞു: “ഇതാ, ഞങ്ങൾ സകലവും ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചിരിക്കുന്നു. എന്നാൽ ഞങ്ങൾക്ക് എന്തു ലഭിക്കും?”
28യേശു അവരോടു പറഞ്ഞു: “സത്യമായി: പുനഃസൃഷ്ടിയിൽ, മനുഷ്യപുത്രൻ തന്റെ മഹത്ത്വസിംഹാസനത്തിൽ ഇരിക്കുമ്പോൾ, എന്നെ അനുഗമിച്ച നിങ്ങളും പന്ത്രണ്ട് സിംഹാസനങ്ങളിൽ ഇരുന്ന് ഇസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളെ ന്യായം വിധിക്കും.
29“എന്റെ നാമത്തെപ്രതി വീടുകളോ സഹോദരന്മാരോ സഹോദരിമാരോ പിതാവോ മാതാവോ മക്കളോ നിലങ്ങളോ ഉപേക്ഷിച്ച ഏവനും നൂറുമടങ്ങ് അധികം ലഭിക്കുകയും അനശ്വരജീവൻ അവകാശമാക്കുകയും ചെയ്യും. 30എന്നാൽ ഒന്നാമന്മാരായ പലരും ഒടുവിലത്തവരാകും; ഒടുവിലത്തവരായ പലരും ഒന്നാമന്മാരാകും.”