സോരിനെക്കുറിച്ച് ഒരു വിലാപം
സോരിനെക്കുറിച്ചുള്ള ഒരു വിലാപഗീതം: സരളമരപ്പലകകളും ദേവദാരുകൊണ്ടുള്ള പാമരവും മിസ്രയീമ്യ ശണവസ്ത്രംകൊണ്ടുള്ള പായും ഉള്ള, എല്ലായിടത്തുനിന്നുമുള്ള പേരെടുത്തുപറഞ്ഞ വ്യാപാരപങ്കാളികൾ ആളും ചരക്കും നിറച്ച, ഒരു ഗംഭീര കപ്പലായി അവൾ. കിഴക്കൻകാറ്റ് നടുക്കടലിൽ അവളെ തകർക്കുന്നു; കരയിലുള്ള നാവികർ തലയിൽ പൂഴി വാരിയിട്ട് ഈ ഗീതം പാടുന്നു.
27 1നമ്മുടെ പിതാവിന്റെ അരുളപ്പാട് എനിക്ക് ഉണ്ടായി:
2“മനുഷ്യപുത്രാ, നീ ഇപ്പോൾ സോരിനെക്കുറിച്ച് ഒരു വിലാപം ഉയർത്തുക, 3സമുദ്രകവാടങ്ങളിൽ വസിക്കുന്നവളും അനേകം തീരദേശങ്ങളിലെ ജനതകളുടെ വ്യാപാരിയുമായ സോരിനോട് പറയുക: പരമാധികാരിയായ പിതാവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘സോരേ, “ഞാൻ സൗന്ദര്യത്തിൽ തികവുറ്റവൾ” എന്ന് നീ പറഞ്ഞു. 4നിന്റെ അതിരുകൾ സമുദ്രങ്ങളുടെ ഹൃദയത്തിലാകുന്നു; നിന്റെ പണിയാളർ നിന്റെ സൗന്ദര്യം തികവുറ്റതാക്കി. 5സെനീരിലെ സരളമരംകൊണ്ട് നിന്റെ പലകകളെല്ലാം അവർ പണിതു; നിനക്കൊരു പാമരം ഉണ്ടാക്കാൻ ലെബനോനിൽനിന്ന് ഒരു ദേവദാരു അവർ കൊണ്ടുവന്നു. 6ബാശാനിലെ കരുവേലകമരംകൊണ്ട് നിന്റെ തുഴകൾ അവർ ഉണ്ടാക്കി; സൈപ്രസ് തീരങ്ങളിൽനിന്നുള്ള സരളമരത്തിൽ ആനക്കൊമ്പ് പതിപ്പിച്ച് നിന്റെ തട്ട് അവർ ഉണ്ടാക്കി. 7ഈജിപ്തിൽനിന്നുള്ള നേർമയേറിയ ചിത്രത്തയ്യൽച്ചണവസ്ത്രമായിരുന്നു നിന്റെ പായ, അത് നിന്റെ കൊടിയായി വർത്തിച്ചു; എലീശാ തീരങ്ങളിൽനിന്നുള്ള നീലവും ഊതവുമായിരുന്നു നിന്റെ മേലാപ്പ്. 8സീദോനിലെയും അർവാദിലെയും ജനം നിന്റെ തുഴക്കാരായിരുന്നു; സോരേ, നിന്റെ വിദഗ്ധർ നിന്റെ അമരക്കാരായി നിന്നിൽ ഉണ്ടായിരുന്നു. 9ബിബ്ലോസിലെ മൂപ്പന്മാരും അവളുടെ വിദഗ്ധരും നിന്റെ വിള്ളലുകൾ അടയ്ക്കുന്നവരായി നിന്നിൽ ഉണ്ടായിരുന്നു; നിന്റെ ചരക്കുകൾ കൈമാറ്റം ചെയ്യാൻ സമുദ്രത്തിലെ എല്ലാ കപ്പലുകളും അവയുടെ നാവികരോടൊപ്പം നിന്റെ അടുക്കൽ വന്നു. 10പേർഷ്യയും ലൂദും പൂത്തും നിന്റെ സൈന്യത്തിൽ, നിന്റെ യോദ്ധാക്കളായി ഉണ്ടായിരുന്നു. നിനക്ക് തേജസ്സ് നൽകിക്കൊണ്ട് തങ്ങളുടെ പരിചകളും പടത്തൊപ്പികളും നിന്റെ മതിലുകളിൽ അവർ തൂക്കിയിട്ടു. 11അർവാദിലെ പുരുഷന്മാരും നിന്റെ സ്വന്തം സൈന്യവും ചുറ്റിലും നിന്റെ മതിലുകളിൽ ഉണ്ടായിരുന്നു; ഗമ്മാദ്യരോ നിന്റെ ഗോപുരങ്ങളിൽ ഉണ്ടായിരുന്നു. തങ്ങളുടെ പരിചകൾ ചുറ്റിലും നിന്റെ മതിലുകളിൽ അവർ തൂക്കിയിട്ടു; നിന്റെ സൗന്ദര്യം അവർ തികവുറ്റതാക്കി.
12“സമൃദ്ധമായ നിന്റെ സകലവിധ സമ്പത്തും നിമിത്തം തർശീശ് നിന്നോട് വ്യാപാരം ചെയ്തു; നിന്റെ ചരക്കുകൾക്കു പകരം വെള്ളിയും ഇരുമ്പും വെളുത്തീയവും കറുത്തീയവും അവർ നൽകി.
13“യാവാനും തൂബാലും മേശെക്കും മനുഷ്യജീവനുകളെയും വെങ്കലപ്പാത്രങ്ങളെയുംകൊണ്ട് നിന്നോട് വ്യാപാരം ചെയ്തു.
14“ബേത്ത്-തോഗർമയിൽനിന്ന് കുതിരകളെയും പടക്കുതിരകളെയും കോവർകഴുതകളെയും നിന്റെ ചരക്കുകൾക്കു പകരം അവർ നൽകി.
15“ദെദാന്യർ നിന്നോട് വ്യാപാരം ചെയ്തു; അനേകം തീരദേശങ്ങൾ നിന്റെ ചന്തകളായിരുന്നു; ആനക്കൊമ്പും ആബനൂസും നിനക്കു പകരമായി അവർ നൽകി.
16“സമൃദ്ധമായ നിന്റെ ചരക്കുകൾ നിമിത്തം അരാം നിന്നോട് വ്യാപാരം ചെയ്തു; മരതകവും ഊതവസ്ത്രവും ചിത്രത്തയ്യൽപ്പണിയും നേർമയേറിയ ചണവസ്ത്രവും പവിഴവും മാണിക്യവും നിന്റെ ചരക്കുകൾക്കു പകരം അവർ നൽകി.
17“യെഹൂദയും ഇസ്രായേലും നിന്നോട് വ്യാപാരം ചെയ്തു: മിന്നീത്തിലെ ഗോതമ്പും മാവും തേനും എണ്ണയും സുഗന്ധലേപനവും കൊണ്ടുവന്നു.
18“നിന്റെ അനവധി ചരക്കുകളും സകലവിധത്തിലുമുള്ള നിന്റെ മഹാസമ്പത്തും നിമിത്തം ദമസ്കസ് നിന്നോട് വ്യാപാരം ചെയ്തു; ഹെല്ബോനിലെ വീഞ്ഞും സാഹാരിലെ ആട്ടിൻരോമവും നൽകി. 19ഊസാലിൽനിന്നുള്ള വേദാനും യാവാനും നിന്റെ ചരക്കുകൾക്കായി വ്യാപാരം ചെയ്തു; ഉരുക്കിയ ഇരുമ്പും വഴനയിലയും വയമ്പും നിന്റെ ചരക്കുകളിൽ ഉണ്ടായിരുന്നു.
20“സവാരിക്കുള്ള ജീനിത്തുണികളിൽ ദെദാൻ നിന്നോട് വ്യാപാരം ചെയ്തു.
21“അറേബ്യയും കേദാരിലെ സകല പ്രഭുക്കന്മാരും നിന്റെ ഉപഭോക്താക്കളായിരുന്നു; കുഞ്ഞാടുകളെയും മുട്ടാടുകളെയും കോലാടുകളെയുംകൊണ്ട് വ്യാപാരം ചെയ്തു.
22“ശേബയിലെയും രാമയിലെയും വ്യാപാരികൾ നിന്നോട് ഇടപാട് നടത്തി; എല്ലാ സുഗന്ധവർഗങ്ങളിലും ഉത്തമമായതും സകലവിധ വിലയേറിയ രത്നങ്ങളും സ്വർണവും നിന്റെ ചരക്കുകൾക്കു പകരം നൽകി.
23“ഹാരാനും കന്നേയും ഏദെനും ശേബയിലെ വ്യാപാരികളും അശ്ശൂരും കില്മാദും നിന്നോട് വ്യാപാരം ചെയ്തു. 24നിന്റെ ചന്തയിൽ, വിശിഷ്ടവസ്ത്രങ്ങളും നീലയും ചിത്രത്തയ്യൽത്തുണിയും ചരടുകളാൽ കെട്ടി ഉറപ്പിച്ച വർണത്തുണികൊണ്ടുള്ള പരവതാനികളുംകൊണ്ട് ഇവർ നിന്നോട് വ്യാപാരം ചെയ്തു. 25തർശീശ് കപ്പലുകൾ നിന്റെ ചരക്കുകൾ വ്യൂഹമായി വഹിച്ചു. അങ്ങനെ സമുദ്രങ്ങളുടെ ഹൃദയത്തിൽ നീ നിറഞ്ഞും ഏറെ ഭാരമേറിയും ഇരുന്നു. 26നിന്റെ തുഴക്കാർ നിന്നെ മഹാജലങ്ങളിലേക്ക് കൊണ്ടുപോയി; കിഴക്കൻകാറ്റ് സമുദ്രങ്ങളുടെ ഹൃദയത്തിൽവച്ച് നിന്നെ തകർത്തുകളഞ്ഞു. 27നിന്റെ സമ്പത്തും നിന്റെ ചരക്കുകളും നിന്റെ വാണിജ്യവസ്തുക്കളും നിന്റെ നാവികരും നിന്റെ അമരക്കാരും നിന്റെ വിടവടയ്ക്കുന്നവരും നിന്റെ കച്ചവടക്കാരും, നിന്നിലുള്ള നിന്റെ സകല യോദ്ധാക്കളും, കപ്പലിലുള്ള മറ്റെല്ലാവരോടുമൊപ്പം, നിന്റെ പതനത്തിന്റെ നാളിൽ സമുദ്രങ്ങളുടെ ഹൃദയത്തിലേക്ക് ആണ്ടുപോകുന്നു. 28നിന്റെ അമരക്കാരുടെ നിലവിളിയുടെ ശബ്ദത്തിൽ വെളിമ്പ്രദേശം വിറകൊള്ളുന്നു. 29തുഴ കൈകാര്യം ചെയ്യുന്ന എല്ലാവരും, നാവികരും സമുദ്രത്തിലെ സകല അമരക്കാരും, തങ്ങളുടെ കപ്പലുകളിൽനിന്ന് ഇറങ്ങുന്നു; അവർ കരയിൽ നിൽക്കുന്നു, 30നിന്നെച്ചൊല്ലി അവർ ശബ്ദമുയർത്തി കൈപ്പോടെ നിലവിളിക്കുന്നു. തങ്ങളുടെ തലയിൽ അവർ പൊടി വിതറുന്നു; ചാരത്തിൽ ഉരുളുന്നു; 31നിന്നെപ്രതി അവർ തല മൊട്ടയടിച്ച് വിലാപവസ്ത്രം ധരിക്കുന്നു; മനോവ്യസനത്തോടെ, കൈപ്പേറിയ വിലാപത്തോടെ അവർ നിന്നെച്ചൊല്ലി കരയുന്നു. 32തങ്ങളുടെ വിലാപത്തിൽ അവർ നിനക്കായി ഒരു വിലാപഗീതം ആലപിച്ച് നിന്നെച്ചൊല്ലി വിലപിക്കുന്നു: “സോരിനെപ്പോലെ, സമുദ്രമധ്യേ നിശ്ശബ്ദയാക്കപ്പെട്ടവളെപ്പോലെ, എന്നെങ്കിലും ആരെങ്കിലും ഉണ്ടായിരുന്നുവോ?” 33നിന്റെ ചരക്കുകൾ സമുദ്രങ്ങളിൽനിന്ന് പുറപ്പെട്ടപ്പോൾ, നീ അനേകം ജനതകളെ തൃപ്തരാക്കി; നിന്റെ സമൃദ്ധമായ സമ്പത്തും ചരക്കുകളുംകൊണ്ട് ഭൂമിയിലെ രാജാക്കന്മാരെ നീ സമ്പന്നരാക്കി. 34ഇപ്പോൾ നീ സമുദ്രങ്ങളാൽ ജലത്തിന്റെ ആഴങ്ങളിൽ തകർക്കപ്പെട്ടിരിക്കുന്നു; നിന്റെ ചരക്കുകളും നിന്റെ സകല സംഘവും നിന്നോടൊപ്പം മുങ്ങിപ്പോയിരിക്കുന്നു. 35തീരദേശങ്ങളിലെ സകല നിവാസികളും നിന്നെച്ചൊല്ലി സ്തബ്ധരായിരിക്കുന്നു; അവരുടെ രാജാക്കന്മാർ ഭീതിയാൽ നടുങ്ങുന്നു; അവരുടെ മുഖങ്ങൾ വിവർണമായിരിക്കുന്നു. 36ജനതകളിലെ വ്യാപാരികൾ നിന്നെ നോക്കി ചൂളമടിക്കുന്നു; നീ ഒരു ഭീതിവിഷയമായിത്തീർന്നിരിക്കുന്നു; ഇനി എന്നെന്നേക്കും നീ ഇല്ലാതാകും.’”