ജ്ഞാനം ഭവനം പണിയുന്നു
പണിയലും വിടുവിക്കലും. ജ്ഞാനംകൊണ്ട് വീട് പണിയപ്പെടുന്നു; നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേൽക്കുന്നു. ശത്രുവിന്റെ വീഴ്ചയിലെ സന്തോഷം ഇത് നിരസിക്കുന്നു; ആളുകളെ മരണത്തിലേക്ക് കൊണ്ടുപോകുമ്പോൾ ഞങ്ങൾ അറിഞ്ഞില്ല എന്ന ഒഴികഴിവും നിരസിക്കുന്നു. കള മൂടിയ ഒരു മുന്തിരിത്തോട്ടം അതിന് പാഠമാകുന്നു.
24 1ദുഷ്ടന്മാരോട് അസൂയപ്പെടരുത്, അവരോടുകൂടെ ആയിരിക്കുവാൻ ആഗ്രഹിക്കുകയുമരുത്, 2എന്തെന്നാൽ അവരുടെ ഹൃദയം അതിക്രമം നിരൂപിക്കുന്നു, അവരുടെ അധരം ആപത്തിനെക്കുറിച്ചു സംസാരിക്കുന്നു.
3ജ്ഞാനത്താൽ ഭവനം പണിയപ്പെടുന്നു, വിവേകത്താൽ അതു സ്ഥിരമായിത്തീരുന്നു; 4പരിജ്ഞാനത്താൽ അതിന്റെ മുറികൾ വിലയേറിയതും മനോഹരവുമായ സകല സമ്പത്തുകൊണ്ടും നിറയുന്നു.
5ജ്ഞാനിയായ മനുഷ്യൻ ബലസമ്പന്നൻ, പരിജ്ഞാനമുള്ളവൻ തന്റെ ശക്തി വർധിപ്പിക്കുന്നു, 6എന്തെന്നാൽ ജ്ഞാനപൂർവമായ മാർഗനിർദേശത്താൽ നിനക്കു നിന്റെ യുദ്ധം നടത്താം, ആലോചനക്കാരുടെ ബഹുത്വത്താൽ ജയം ലഭിക്കുന്നു.
7മൂഢനു ജ്ഞാനം അത്യുന്നതമത്രേ; പട്ടണവാതിൽക്കൽ അവനു പറയുവാൻ ഒന്നുമില്ല. 8തിന്മ ചെയ്യുവാൻ നിരൂപിക്കുന്നവനെ ഗൂഢതന്ത്രക്കാരൻ എന്നു വിളിക്കും. 9മൂഢന്റെ ഗൂഢാലോചന പാപമാകുന്നു, പരിഹാസി മനുഷ്യർക്കു വെറുപ്പാകുന്നു.
10കഷ്ടകാലത്തു നീ തളർന്നുപോയാൽ, നിന്റെ ബലം ചെറുതത്രേ. 11മരണത്തിലേക്കു കൊണ്ടുപോകപ്പെടുന്നവരെ വിടുവിക്കുക, കൊലയ്ക്കായി ഇടറിവീഴുന്നവരെ തടഞ്ഞുനിർത്തുക. 12“ഇതാ, ഞങ്ങൾ ഇതു അറിഞ്ഞില്ല” എന്നു നീ പറയുന്നുവെങ്കിൽ, ഹൃദയത്തെ തൂക്കിനോക്കുന്ന അവിടുന്ന് അതു ഗ്രഹിക്കുന്നില്ലയോ? നിന്റെ പ്രാണനെ കാക്കുന്ന അവിടുന്ന് അതു അറിയുന്നില്ലയോ? ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം അവിടുന്ന് പകരം നല്കുകയില്ലയോ?
13എന്റെ മകനേ, തേൻ നല്ലതാകയാൽ അതു ഭക്ഷിക്കുക, തേൻകട്ടയിൽനിന്ന് ഇറ്റുവീഴുന്നതു നിന്റെ രുചിക്കു മധുരമത്രേ. 14ജ്ഞാനവും നിന്റെ പ്രാണന് ഇതുപോലെതന്നെ എന്നറിയുക; അതു കണ്ടെത്തിയാൽ, ഭാവി ഉണ്ട്, നിന്റെ പ്രത്യാശ ഛേദിക്കപ്പെടുകയില്ല.
15ദുഷ്ടാ, നീതിമാന്റെ ഭവനത്തിനെതിരേ പതിയിരിക്കരുത്; അവന്റെ വിശ്രമസ്ഥലം നശിപ്പിക്കുകയുമരുത്, 16എന്തെന്നാൽ നീതിമാൻ ഏഴുപ്രാവശ്യം വീണാലും, അവൻ വീണ്ടും എഴുന്നേല്ക്കുന്നു, എന്നാൽ ദുഷ്ടന്മാർ അനർഥത്തിൽ ഇടറിവീഴുന്നു.
17നിന്റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്, അവൻ ഇടറുമ്പോൾ നിന്റെ ഹൃദയം ആനന്ദിക്കുകയുമരുത്, 18നമ്മുടെ പിതാവ് അതു കണ്ട് അനിഷ്ടപ്പെട്ട്, തന്റെ കോപം അവനിൽനിന്നു മാറ്റിക്കളഞ്ഞേക്കാം.
19ദുഷ്പ്രവൃത്തിക്കാർനിമിത്തം നീ മുഷിയരുത്, ദുഷ്ടന്മാരോട് അസൂയപ്പെടുകയുമരുത്, 20എന്തെന്നാൽ ദുഷ്ടനു ഭാവിയില്ല; ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകും.
21എന്റെ മകനേ, നമ്മുടെ പിതാവിനെയും രാജാവിനെയും ഭയപ്പെടുക, അവർക്കെതിരേ മത്സരിക്കുന്നവരോടു ചേരുകയുമരുത്, 22എന്തെന്നാൽ അവരിൽനിന്നുള്ള അനർഥം പെട്ടെന്ന് ഉയർന്നുവരും, അവർ ഇരുവരും വരുത്തുന്ന നാശം ആർ അറിയുന്നു?
പക്ഷഭേദമില്ലാത്ത നീതി
23ഇവയും ജ്ഞാനികളുടെ വചനങ്ങളാകുന്നു: ന്യായവിധിയിൽ പക്ഷഭേദം കാണിക്കുന്നതു നല്ലതല്ല. 24കുറ്റക്കാരനോട് “നീ നിരപരാധി” എന്നു പറയുന്നവനെ ജാതികൾ ശപിക്കും, വംശങ്ങൾ അവനെ ആക്ഷേപിക്കും, 25എന്നാൽ കുറ്റക്കാരനെ ശാസിക്കുന്നവർക്കു നന്മ വരും, സമൃദ്ധമായ അനുഗ്രഹം അവരുടെമേൽ വരും. 26നേരുള്ള ഉത്തരം അധരങ്ങളിലെ ചുംബനംപോലെയാകുന്നു. 27നിന്റെ വേല പുറത്ത് ഒരുക്കുക, നിന്റെ നിലം തയ്യാറാക്കുക, അതിനുശേഷം നിന്റെ ഭവനം പണിയുക. 28കാരണംകൂടാതെ നിന്റെ അയൽക്കാരന് എതിരേ സാക്ഷി ആകരുത്; നിന്റെ അധരങ്ങൾകൊണ്ടു നീ വഞ്ചിക്കുമോ? 29“അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടും ചെയ്യും; അവൻ ചെയ്തതിനു ഞാൻ ആ മനുഷ്യനു പകരം വീട്ടും” എന്നു പറയരുത്. 30ഞാൻ മടിയന്റെ നിലത്തിനരികിലൂടെയും ബുദ്ധിയില്ലാത്തവന്റെ മുന്തിരിത്തോട്ടത്തിനരികിലൂടെയും കടന്നുപോയി, 31ഇതാ, അതെല്ലാം മുള്ളുകൾ പടർന്നുമൂടിയിരുന്നു; നിലം കളകൾകൊണ്ടു മൂടിയിരുന്നു, അതിന്റെ കല്മതിൽ ഇടിഞ്ഞുവീണിരുന്നു. 32അപ്പോൾ ഞാൻ നോക്കി അതു ഹൃദയത്തിൽ കരുതി; കണ്ടിട്ട് ഉപദേശം പ്രാപിച്ചു. 33അല്പം ഉറക്കം, അല്പം മയക്കം, വിശ്രമിക്കുവാൻ അല്പം കൈ കെട്ടൽ, 34ദാരിദ്ര്യം കവർച്ചക്കാരനെപ്പോലെ നിന്റെമേൽ വരും, ദൗർലഭ്യം ആയുധധാരിയെപ്പോലെയും വരും.