ജയം നമ്മുടെ പിതാവിന്റേതാകുന്നു
നീതിയും ആർത്തിയും. യാഗത്തെക്കാൾ നീതി പ്രവർത്തിക്കുന്നതാണ് നമ്മുടെ പിതാവിന് പ്രസാദം; ദരിദ്രന്റെ നിലവിളിക്ക് ചെവി അടച്ചാൽ നിന്റെ സ്വന്തം നിലവിളിക്കും ഉത്തരം കിട്ടുകയില്ല. കൊതി മടിയനെ കൊന്നുകളയുന്നു. കലഹക്കാരിയായ ഭാര്യയോടുകൂടെ ഒരു വീട് പങ്കിടുന്നതിനെക്കാൾ മേൽപ്പുരയുടെ ഒരു കോണാണ് നല്ലതെന്ന് അത് രണ്ടു പ്രാവശ്യം പറയുന്നു.
21 1രാജാവിന്റെ ഹൃദയം നമ്മുടെ പിതാവിന്റെ കൈയിലുള്ള ജലധാരപോലെയാകുന്നു; അവിടുത്തേക്ക് ഇഷ്ടമുള്ളിടത്തേക്കെല്ലാം അവിടുന്ന് അതിനെ തിരിക്കുന്നു. 2മനുഷ്യന്റെ ഓരോ വഴിയും തന്റെ കണ്ണിൽ ശരിയായി തോന്നുന്നു, എന്നാൽ നമ്മുടെ പിതാവ് ഹൃദയത്തെ തൂക്കിനോക്കുന്നു. 3നീതിയും ന്യായവും പ്രവർത്തിക്കുന്നത് യാഗത്തെക്കാൾ നമ്മുടെ പിതാവിന് പ്രസാദകരമാകുന്നു. 4നിഗളിച്ച കണ്ണുകളും അഹങ്കാരമുള്ള ഹൃദയവും—ദുഷ്ടന്മാരുടെ വിളക്ക്—പാപമാകുന്നു. 5ഉത്സാഹിയുടെ പദ്ധതികൾ നിശ്ചയമായും സമൃദ്ധിയിലേക്കു നയിക്കുന്നു, എന്നാൽ തിടുക്കം കൂട്ടുന്നവരെല്ലാം ദാരിദ്ര്യത്തിൽ അകപ്പെടുന്നു. 6വ്യാജം പറയുന്ന നാവുകൊണ്ട് സമ്പത്ത് സമ്പാദിക്കുന്നത് മാഞ്ഞുപോകുന്ന ആവിയും മരണകരമായ കെണിയുമാകുന്നു. 7ദുഷ്ടന്മാരുടെ അതിക്രമം അവരെ ഒഴുക്കിക്കളയും, എന്തെന്നാൽ ന്യായം ചെയ്യാൻ അവർ വിസമ്മതിക്കുന്നു. 8കുറ്റക്കാരന്റെ വഴി വളഞ്ഞതാകുന്നു, എന്നാൽ നിർമലന്റെ നടപ്പ് നേരുള്ളതാകുന്നു. 9മേൽപുരയുടെ ഒരു മൂലയിൽ പാർക്കുന്നത് കലഹക്കാരിയായ ഭാര്യയോടുകൂടി പങ്കിട്ട വീട്ടിൽ പാർക്കുന്നതിനെക്കാൾ നല്ലത്. 10ദുഷ്ടന്റെ ഉള്ളം തിന്മയെ അതിമോഹിക്കുന്നു; അവന്റെ അയൽക്കാരന് അവന്റെ കണ്ണിൽ കരുണ ലഭിക്കുന്നില്ല. 11പരിഹാസിയെ ശിക്ഷിക്കുമ്പോൾ അല്പബുദ്ധി ജ്ഞാനിയായിത്തീരുന്നു; ജ്ഞാനിയെ ഉപദേശിക്കുമ്പോൾ അവൻ അറിവു നേടുന്നു. 12നീതിമാനായ നമ്മുടെ പിതാവ് ദുഷ്ടന്റെ ഭവനത്തെ നിരീക്ഷിക്കുന്നു, ദുഷ്ടന്മാരെ നാശത്തിലേക്കു തള്ളുന്നു. 13ദരിദ്രന്റെ നിലവിളിക്കു ചെവി അടയ്ക്കുന്നവൻ താനും നിലവിളിക്കും, എന്നാൽ ഉത്തരം ലഭിക്കുകയില്ല. 14രഹസ്യമായി നൽകുന്ന സമ്മാനം കോപത്തെ ശമിപ്പിക്കുന്നു, മടിയിൽ തിരുകിയ ഒരു കൈക്കൂലി ഉഗ്രകോപത്തെ ശമിപ്പിക്കുന്നു. 15ന്യായം നടത്തപ്പെടുമ്പോൾ അതു നീതിമാന് സന്തോഷം, എന്നാൽ തിന്മ ചെയ്യുന്നവർക്ക് അതു ഭീതിയാകുന്നു. 16വിവേകത്തിന്റെ വഴി വിട്ടുഴലുന്ന മനുഷ്യൻ മരിച്ചവരുടെ സംഘത്തിൽ വിശ്രമിക്കും. 17സുഖഭോഗം ഇഷ്ടപ്പെടുന്നവൻ ദരിദ്രനായിത്തീരും; വീഞ്ഞും എണ്ണയും ഇഷ്ടപ്പെടുന്നവൻ ഒരിക്കലും സമ്പന്നനാകുകയില്ല. 18ദുഷ്ടൻ നീതിമാനുവേണ്ടി മറുവിലയായിത്തീരുന്നു, ദ്രോഹി നേരുള്ളവനുവേണ്ടിയും. 19മരുഭൂമിയായ ദേശത്ത് പാർക്കുന്നത് കലഹക്കാരിയും പിറുപിറുക്കുന്നവളുമായ ഭാര്യയോടുകൂടി പാർക്കുന്നതിനെക്കാൾ നല്ലത്. 20വിലയേറിയ നിക്ഷേപവും എണ്ണയും ജ്ഞാനിയുടെ ഭവനത്തിലുണ്ട്, എന്നാൽ ഭോഷൻ തനിക്കുള്ളതെല്ലാം വിഴുങ്ങിക്കളയുന്നു. 21നീതിയും വിശ്വസ്തസ്നേഹവും പിന്തുടരുന്നവൻ ജീവനും നീതിയും ബഹുമാനവും കണ്ടെത്തും. 22ജ്ഞാനി ബലവാന്മാരുടെ നഗരത്തെ കയറി കീഴടക്കുന്നു, അവർ ആശ്രയിക്കുന്ന കോട്ടയെ തകർത്തുകളയുന്നു. 23തന്റെ വായും നാവും സൂക്ഷിക്കുന്നവൻ തന്നെത്തന്നെ കഷ്ടതയിൽനിന്നു കാത്തുകൊള്ളുന്നു. 24അഹങ്കാരത്തോടും ഗർവത്തോടുംകൂടി അതിരുകടന്ന ധിക്കാരം പ്രവർത്തിക്കുന്നവന്റെ പേരാകുന്നു “പരിഹാസി.” 25മടിയന്റെ അത്യാഗ്രഹം അവനെ കൊല്ലുന്നു, എന്തെന്നാൽ അവന്റെ കൈകൾ വേല ചെയ്യാൻ വിസമ്മതിക്കുന്നു. 26ദിവസം മുഴുവനും അത്യാഗ്രഹം വർധിക്കുന്നു, എന്നാൽ നീതിമാൻ പിടിച്ചുവെക്കാതെ കൊടുക്കുന്നു. 27ദുഷ്ടന്റെ യാഗം അറപ്പാകുന്നു— ദുരുദ്ദേശ്യത്തോടെ അർപ്പിക്കുമ്പോൾ എത്രയധികം! 28കള്ളസാക്ഷി നശിച്ചുപോകും, എന്നാൽ ശ്രദ്ധിച്ചു കേൾക്കുന്നവൻ എന്നും നിലനിൽക്കുമാറു സാക്ഷ്യം പറയും. 29ദുഷ്ടൻ ധിക്കാരഭാവം നടിക്കുന്നു, എന്നാൽ നേരുള്ളവൻ തന്റെ വഴികളെ ചിന്തിച്ചുറപ്പിക്കുന്നു. 30നമ്മുടെ പിതാവിനു വിരോധമായി നിലനിൽക്കാവുന്ന ജ്ഞാനമോ വിവേകമോ ആലോചനയോ ഇല്ല. 31യുദ്ധദിവസത്തേക്കു കുതിരയെ ഒരുക്കുന്നു, എന്നാൽ ജയം നമ്മുടെ പിതാവിന്റേതാകുന്നു.