ശൂഹ്യനായ ബിൽദാദ് മറുപടി പറയുന്നു
ബിൽദാദ് കൂടുതൽ വെട്ടിത്തുറന്നു പറയുന്നു: ദൈവം ന്യായം മറിച്ചുകളയുന്നില്ല, അതുകൊണ്ട് ഇയ്യോബിന്റെ മക്കൾക്ക് അവരുടെ പാപം സമ്പാദിച്ചതുതന്നെ കിട്ടിയിരിക്കണം. ദൈവത്തെ അന്വേഷിക്കുക, നിർമ്മലനായിരിക്കുക, അപ്പോൾ അവസാനം ആരംഭത്തെക്കാൾ ശോഭിക്കും. ചതുപ്പില്ലാത്ത ഞാങ്ങണ, ചിലന്തിവല എന്നിങ്ങനെ അഭക്തനെക്കുറിച്ച് അവൻ വരയ്ക്കുന്ന ചിത്രം നേരെ ഇയ്യോബിനെ ലക്ഷ്യമാക്കിയുള്ളതാണ്.
8 1അപ്പോൾ ശൂഹ്യനായ ബിൽദാദ് മറുപടി പറഞ്ഞു: 2“ഇങ്ങനെയുള്ള കാര്യങ്ങൾ നീ എത്രനാൾ സംസാരിച്ചുകൊണ്ടിരിക്കും? നിന്റെ വായിലെ വാക്കുകൾ അലറുന്ന കാറ്റല്ലാതെ മറ്റൊന്നുമല്ല. 3ദൈവം ന്യായം മറിച്ചുകളയുമോ? സർവശക്തൻ നീതിയുള്ളത് മറിച്ചുകളയുമോ? 4നിന്റെ മക്കൾ അവിടുത്തോട് പാപം ചെയ്തെങ്കിൽ, അവരുടെ അതിക്രമത്തിന്റെ ഫലത്തിന് അവിടുന്ന് അവരെ ഏല്പിച്ചു. 5എന്നാൽ നീ ദൈവത്തെ ആത്മാർഥമായി അന്വേഷിക്കുകയും സർവശക്തനോട് കരുണയ്ക്കായി യാചിക്കുകയും ചെയ്താൽ, 6നീ നിർമലനും നേരുള്ളവനുമാണെങ്കിൽ, അവിടുന്ന് ഇപ്പോൾത്തന്നെ നിനക്കുവേണ്ടി ഉണർന്ന്, നിന്റെ അവകാശമായ സ്ഥാനത്തേക്ക് നിന്നെ തീർച്ചയായും തിരികെ കൊണ്ടുവരും. 7നിന്റെ ആരംഭം ചെറുതായിരുന്നെങ്കിലും, നിന്റെ പിൽക്കാലം അളവറ്റ് അഭിവൃദ്ധിപ്പെടും. 8കഴിഞ്ഞുപോയ തലമുറകളോട് ചോദിക്കുക, അവരുടെ പിതാക്കന്മാർ ആരാഞ്ഞറിഞ്ഞത് എന്തെന്ന് ചിന്തിക്കുക. 9ഇന്നലെ മാത്രം ജനിച്ച നമ്മൾ ഒന്നും അറിയുന്നില്ല; ഭൂമിയിലെ നമ്മുടെ നാളുകൾ ഒരു നിഴൽ മാത്രം. 10അവർ നിന്നെ പഠിപ്പിക്കുകയും നിന്നോട് പറയുകയും, തങ്ങളുടെ ഗ്രാഹ്യത്തിൽനിന്ന് വാക്കുകൾ പുറപ്പെടുവിക്കുകയും ചെയ്യുകയില്ലയോ? 11ചതുപ്പില്ലാത്തിടത്ത് ഞാങ്ങണ ഉയർന്നു വളരുമോ? വെള്ളമില്ലാതെ ഓടൽ തഴച്ചുവളരുമോ? 12പച്ചയായി, മുറിക്കപ്പെടാതെ നിൽക്കുമ്പോൾത്തന്നെ, ഏതു പുല്ലിനെക്കാളും വേഗം അത് വാടിപ്പോകുന്നു. 13ദൈവത്തെ മറക്കുന്ന എല്ലാവരുടെയും ഗതി ഇതുതന്നെ; ഭക്തിയില്ലാത്തവന്റെ പ്രത്യാശ അങ്ങനെ നശിച്ചുപോകുന്നു. 14അവന്റെ ആശ്രയം ദുർബലമാണ്, അവന്റെ വിശ്വാസം ഒരു ചിലന്തിവലയത്രേ. 15അവൻ തന്റെ വീട്ടിൽ ചാരിനിൽക്കുന്നു, എന്നാൽ അത് നിലനിൽക്കുന്നില്ല; അതിൽ മുറുകെ പിടിക്കുന്നു, എന്നാൽ അത് ഉറച്ചുനിൽക്കുന്നില്ല. 16അവൻ വെയിലത്ത് നന്നായി നനഞ്ഞ ഒരു ചെടിപോലെയാണ്, തന്റെ തളിരുകൾ തോട്ടത്തിലുടനീളം പടർത്തുന്നു. 17അതിന്റെ വേരുകൾ കല്ക്കൂമ്പാരത്തെ ചുറ്റിപ്പിടിക്കുന്നു, പാറകൾക്കിടയിൽ പിടിച്ചുനിൽക്കാൻ ഒരിടം തിരയുന്നു. 18എന്നാൽ അവനെ തന്റെ സ്ഥലത്തുനിന്ന് പിഴുതെടുക്കുമ്പോൾ, ‘ഞാൻ നിന്നെ ഒരിക്കലും കണ്ടിട്ടില്ല’ എന്നു പറഞ്ഞ് അത് അവനെ തള്ളിപ്പറയുന്നു. 19അവന്റെ വഴിയുടെ സന്തോഷം ഇതുതന്നെ— മണ്ണിൽനിന്ന് മറ്റുള്ളവ അവന്റെ സ്ഥാനത്ത് മുളച്ചുവരുന്നു. 20ദൈവം നിഷ്കളങ്കനായ മനുഷ്യനെ തള്ളിക്കളയുകയില്ല, ദുഷ്പ്രവൃത്തിക്കാർക്ക് കൈത്താങ്ങ് നല്കുകയുമില്ല. 21അവിടുന്ന് ഇനിയും നിന്റെ വായ് ചിരികൊണ്ടും നിന്റെ അധരങ്ങൾ ആനന്ദഘോഷംകൊണ്ടും നിറയ്ക്കും. 22നിന്നെ വെറുക്കുന്നവർ ലജ്ജ ധരിക്കും, ദുഷ്ടന്റെ കൂടാരം ഇനി ഉണ്ടാകയില്ല.”