വെള്ളത്തിന്മേൽ അപ്പം
നിന്റെ അപ്പം വെള്ളത്തിന്മേൽ അയയ്ക്കുക, നിന്റെ ഓഹരി പലർക്കായി പങ്കിടുക; എന്ത് അനർഥമാണ് വരാനിരിക്കുന്നതെന്നു നിനക്ക് അറിയാനാവില്ലല്ലോ. കാറ്റിനെ നോക്കിയിരിക്കുന്നവൻ ഒരിക്കലും വിതയ്ക്കുന്നില്ല. രാവിലെയും വൈകുന്നേരവും വിതയ്ക്കുക, വെളിച്ചം ആസ്വദിക്കുക, വരാനിരിക്കുന്ന ഇരുണ്ട നാളുകളെ ഓർക്കുക, ദൈവം യൗവനത്തെ ന്യായവിധിയിലേക്കു കൊണ്ടുവരുന്നു എന്ന് അറിയുക.
11 1നിന്റെ അപ്പം വെള്ളത്തിന്മേൽ എറിയുക; അനേകം ദിവസം കഴിഞ്ഞിട്ട് നീ അത് വീണ്ടും കണ്ടെത്തും. 2ഏഴു പേർക്ക്, വേണ്ടിവന്നാൽ എട്ടു പേർക്കുംകൂടി, ഓഹരി കൊടുക്കുക; ദേശത്ത് എന്ത് അനർഥം വന്നുഭവിക്കുമെന്ന് നീ അറിയുന്നില്ലല്ലോ. 3മേഘങ്ങൾ നിറഞ്ഞിരുന്നാൽ അവ ഭൂമിയിൽ മഴ പെയ്യിക്കുന്നു; ഒരു വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാൽ, അത് വീഴുന്ന സ്ഥലത്തുതന്നെ അത് കിടക്കും. 4കാറ്റിനെ നോക്കിക്കൊണ്ടിരിക്കുന്നവൻ ഒരുനാളും വിതയ്ക്കുകയില്ല; മേഘങ്ങളെ സൂക്ഷിച്ചുനോക്കുന്നവൻ ഒരുനാളും കൊയ്യുകയുമില്ല.
5കാറ്റിന്റെ വഴി നീ അറിയാത്തതുപോലെ, ഗർഭിണിയുടെ ഉദരത്തിൽ അസ്ഥികൾ എങ്ങനെ രൂപപ്പെടുന്നുവെന്ന് അറിയാത്തതുപോലെ, സകലവും സൃഷ്ടിക്കുന്ന ദൈവത്തിന്റെ പ്രവൃത്തി നിനക്ക് അറിയുവാൻ കഴിയുകയില്ല.
6രാവിലെ നിന്റെ വിത്ത് വിതയ്ക്കുക; വൈകുന്നേരം നിന്റെ കൈ അടങ്ങിയിരിക്കാൻ അനുവദിക്കരുത്; ഇതോ അതോ ഏതാണ് സഫലമാകുന്നതെന്നും, അതോ രണ്ടുംകൂടി ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.
വെളിച്ചം മധുരമാകുന്നു
7വെളിച്ചം മധുരമാകുന്നു; സൂര്യനെ കാണുന്നത് കണ്ണുകൾക്ക് മനോഹരമാകുന്നു.
8ഒരു മനുഷ്യൻ അനേകം വർഷം ജീവിച്ചിരുന്നാൽ, അവ എല്ലാറ്റിലും അവൻ സന്തോഷിക്കട്ടെ; എങ്കിലും ഇരുട്ടിന്റെ നാളുകൾ അവൻ ഓർക്കട്ടെ, അവ അനേകമായിരിക്കും. വരുന്നതെല്ലാം ക്ഷണികമത്രേ.
9യൗവനക്കാരാ, നിന്റെ യൗവനത്തിൽ സന്തോഷിക്കുക; നിന്റെ യൗവനനാളുകളിൽ നിന്റെ ഹൃദയം നിനക്ക് ആനന്ദം നല്കട്ടെ. നിന്റെ ഹൃദയത്തിന്റെ വഴികളിലും നിന്റെ കണ്ണുകളുടെ കാഴ്ചയിലും നടക്കുക; എന്നാൽ ഇവയെല്ലാറ്റിനെയുംകുറിച്ച് ദൈവം നിന്നെ ന്യായവിധിയിലേക്ക് കൊണ്ടുവരുമെന്ന് അറിഞ്ഞുകൊള്ളുക.
10ആകയാൽ നിന്റെ ഹൃദയത്തിൽനിന്ന് വ്യസനം അകറ്റിക്കളയുക; നിന്റെ ശരീരത്തിൽനിന്ന് വേദന നീക്കിക്കളയുക; യൗവനവും ജീവിതത്തിന്റെ ഉദയവും ക്ഷണികമത്രേ.