എസ്ഥേർ രാജാവിന്റെ സിംഹാസനത്തെ സമീപിക്കുന്നു
എസ്ഥേർ രാജവസ്ത്രം ധരിച്ച് ക്ഷണിക്കപ്പെടാതെ അകത്തെ പ്രാകാരത്തിൽ നിൽക്കുന്നു; പൊൻചെങ്കോൽ നീട്ടപ്പെടുന്നു, രാജ്യത്തിന്റെ പാതിവരെ അവൾക്കു വാഗ്ദാനം ചെയ്യപ്പെടുന്നു. അവൾ ചോദിക്കുന്നത് ഒരു വിരുന്നു മാത്രം, പിന്നെ രണ്ടാമതൊന്നും. ഹാമാൻ ആഹ്ലാദത്തോടെ മടങ്ങുന്നു, മൊർദ്ദെഖായിയെ കണ്ട് കോപാകുലനാകുന്നു, ഒരു കഴുമരം ഉണ്ടാക്കുന്നു.
5 1മൂന്നാം ദിവസം എസ്ഥേർ രാജകീയവസ്ത്രം ധരിച്ച് രാജാവിന്റെ മണ്ഡപത്തിനു നേരേ കൊട്ടാരത്തിന്റെ അകത്തെ അങ്കണത്തിൽ നിന്നു. രാജാവ് കൊട്ടാരവാതിലിനു നേരേ മണ്ഡപത്തിൽ തന്റെ രാജസിംഹാസനത്തിൽ ഇരിക്കുകയായിരുന്നു. 2എസ്ഥേർ രാജ്ഞി അങ്കണത്തിൽ നിൽക്കുന്നതു രാജാവു കണ്ടപ്പോൾ അവൾക്ക് അദ്ദേഹത്തിന്റെ പ്രീതി ലഭിച്ചു; അദ്ദേഹം തന്റെ കൈയിലുള്ള പൊൻചെങ്കോൽ അവൾക്കുനേരേ നീട്ടി. അവൾ അടുത്തുചെന്ന് അതിന്റെ അറ്റം തൊട്ടു.
3രാജാവു ചോദിച്ചു: “എസ്ഥേർ രാജ്ഞീ, എന്താണു വിഷമം? എന്താണു നിന്റെ അപേക്ഷ? രാജ്യത്തിന്റെ പകുതിവരെ നിനക്കു നല്കപ്പെടും.”
4എസ്ഥേർ പറഞ്ഞു: “രാജാവിനു പ്രസാദമെങ്കിൽ ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിന് അങ്ങും ഹാമാനും ഇന്നു വരണമേ.”
5“എസ്ഥേർ പറഞ്ഞതുപോലെ ചെയ്യേണ്ടതിന് ഹാമാനെ വേഗം കൊണ്ടുവരുവിൻ” എന്നു രാജാവു പറഞ്ഞു. എസ്ഥേർ ഒരുക്കിയ വിരുന്നിന് രാജാവും ഹാമാനും വന്നു.
6വീഞ്ഞു കുടിക്കുമ്പോൾ രാജാവു ചോദിച്ചു: “എസ്ഥേർ, എന്താണു നിന്റെ അപേക്ഷ? അതു നല്കപ്പെടും. എന്താണു നിന്റെ ആവശ്യം? രാജ്യത്തിന്റെ പകുതിയാണെങ്കിലും അതു നിന്റേതാകും.”
7എസ്ഥേർ മറുപടി പറഞ്ഞു: “എന്റെ അപേക്ഷയും ആവശ്യവും ഇതാണ്: 8രാജാവിന്റെ പ്രീതി എനിക്കു ലഭിച്ചിട്ടുണ്ടെങ്കിൽ, എന്റെ അപേക്ഷ അനുവദിക്കുന്നതും ആവശ്യം നിറവേറ്റുന്നതും അങ്ങേക്കു പ്രസാദമെങ്കിൽ, ഞാൻ അവർക്കുവേണ്ടി ഒരുക്കുന്ന വിരുന്നിന് രാജാവും ഹാമാനും വരണമേ. നാളെ രാജാവു പറയുന്നതുപോലെ ഞാൻ ചെയ്തുകൊള്ളാം.”
ഹാമാന്റെ ക്രോധം മൊർദെഖായിക്കെതിരേ തിരിയുന്നു
9ആ ദിവസം ഹാമാൻ സന്തുഷ്ടനും ആനന്ദഭരിതനുമായി പുറത്തുപോയി. എന്നാൽ രാജകവാടത്തിൽ മൊർദെഖായി തന്റെ മുൻപിൽ എഴുന്നേൽക്കുകയോ വിറയ്ക്കുകയോ ചെയ്യാത്തതു കണ്ടപ്പോൾ ഹാമാൻ മൊർദെഖായിയോടു ക്രോധംകൊണ്ടു. 10എങ്കിലും ഹാമാൻ തന്നെത്താൻ അടക്കിക്കൊണ്ടു വീട്ടിലേക്കു പോയി. അവൻ തന്റെ സ്നേഹിതന്മാരെയും ഭാര്യ സേരെശിനെയും വിളിപ്പിച്ചു; 11തന്റെ സമ്പത്തിന്റെ മഹത്ത്വവും പുത്രന്മാരുടെ ബഹുലതയും രാജാവ് തന്നെ എങ്ങനെ ബഹുമാനിച്ച് രാജാവിന്റെ പ്രഭുക്കന്മാർക്കും ഭൃത്യന്മാർക്കും മീതേ ഉയർത്തി എന്നതും ഹാമാൻ അവരോടു വിവരിച്ചു.
12“ഇതു മാത്രമല്ല,” ഹാമാൻ കൂട്ടിച്ചേർത്തു: “എസ്ഥേർ രാജ്ഞി ഒരുക്കിയ വിരുന്നിന് രാജാവിനോടൊപ്പം എന്നെ മാത്രമേ ക്ഷണിച്ചുള്ളൂ; നാളെയും രാജാവിനോടൊപ്പം എന്നെ വീണ്ടും ക്ഷണിച്ചിട്ടുണ്ട്. 13എങ്കിലും യെഹൂദനായ മൊർദെഖായി രാജകവാടത്തിൽ ഇരിക്കുന്നതു കാണുമ്പോഴൊക്കെ ഇതെല്ലാം എനിക്കു ഒട്ടും പ്രയോജനമില്ല.”
14അവന്റെ ഭാര്യ സേരെശും സ്നേഹിതന്മാരെല്ലാവരും പറഞ്ഞു: “എഴുപത്തഞ്ചടി ഉയരമുള്ള ഒരു കഴുമരം പണിയിക്കുക. രാവിലെ മൊർദെഖായിയെ അതിന്മേൽ തൂക്കിക്കൊല്ലാൻ രാജാവിനോട് അപേക്ഷിക്കുക. പിന്നെ സന്തുഷ്ടനായി രാജാവിനോടൊപ്പം വിരുന്നിനു പോകുക.” ഹാമാന് ഇതു ബോധിച്ചു; അവൻ ആ കഴുമരം പണിയിച്ചു.