നിന്റെ പിതാവ് നിനക്കുവേണ്ടി യുദ്ധംചെയ്യുന്നു
യുദ്ധത്തിനുമുമ്പ് ഒരു പുരോഹിതൻ സൈന്യത്തോട് ഭയപ്പെടരുതെന്ന് പറയുന്നു, കാരണം അവരുടെ പിതാവ് അവരോടുകൂടെ പോകുന്നു. പിന്നെ പുരുഷന്മാരെ വീട്ടിലേക്ക് മടക്കി അയയ്ക്കുന്നു — പുതിയ വീട്, പുതിയ മുന്തിരിത്തോട്ടം, വിവാഹനിശ്ചയം കഴിഞ്ഞ സ്ത്രീ, അല്ലെങ്കിൽ വെറും ഭയം. നഗരങ്ങൾക്ക് ആദ്യം സമാധാനം വാഗ്ദാനം ചെയ്യുന്നു; ഉപരോധിക്കുന്ന സൈന്യങ്ങൾപോലും ഫലവൃക്ഷങ്ങൾ വെട്ടിക്കളയരുത്.
20 1നിന്റെ ശത്രുക്കൾക്കെതിരേ യുദ്ധത്തിനു പുറപ്പെട്ട്, കുതിരകളെയും രഥങ്ങളെയും നിന്റേതിനെക്കാൾ വലിയ സൈന്യത്തെയും കാണുമ്പോൾ, അവരെ ഭയപ്പെടരുത്; ഈജിപ്തുദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ പിതാവ് നിന്നോടുകൂടെയുണ്ടല്ലോ. 2യുദ്ധത്തിനു പുറപ്പെടാറാകുമ്പോൾ, പുരോഹിതൻ മുന്നോട്ടുവന്നു ജനത്തോടു സംസാരിക്കണം. 3അദ്ദേഹം അവരോടു പറയണം: “ഇസ്രായേലേ, കേൾക്കുക: ഇന്നു നിങ്ങൾ നിങ്ങളുടെ ശത്രുക്കൾക്കെതിരേ യുദ്ധത്തിനു പോകുന്നു. ധൈര്യം കെടരുത്, ഭയപ്പെടരുത്, പരിഭ്രമിക്കരുത്, അവരെ കണ്ടു ഭ്രമിച്ചുപോകരുത്; 4നിങ്ങളുടെ ശത്രുക്കളോടു നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്തു നിങ്ങൾക്കു വിജയം നല്കുവാൻ നിങ്ങളുടെ പിതാവ് നിങ്ങളോടുകൂടെ പോകുന്നുവല്ലോ.”
5പിന്നീട് പ്രമാണിമാർ ജനത്തോടു പറയും: “പുതിയ വീടു പണിതിട്ടും അതു പ്രതിഷ്ഠിക്കാത്ത ആരെങ്കിലുമുണ്ടോ? അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ; അല്ലെങ്കിൽ അവൻ യുദ്ധത്തിൽ മരിക്കുകയും മറ്റൊരുവൻ അതു പ്രതിഷ്ഠിക്കുകയും ചെയ്തേക്കും. 6മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയിട്ടും അതിന്റെ ഫലം ഇതുവരെ അനുഭവിക്കാത്ത ആരെങ്കിലുമുണ്ടോ? അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ; അല്ലെങ്കിൽ അവൻ യുദ്ധത്തിൽ മരിക്കുകയും മറ്റൊരുവൻ അത് അനുഭവിക്കുകയും ചെയ്തേക്കും. 7ഒരു സ്ത്രീയുമായി വിവാഹനിശ്ചയം ചെയ്തിട്ടും അവളെ വിവാഹംകഴിക്കാത്ത ആരെങ്കിലുമുണ്ടോ? അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ; അല്ലെങ്കിൽ അവൻ യുദ്ധത്തിൽ മരിക്കുകയും മറ്റൊരുവൻ അവളെ വിവാഹംകഴിക്കുകയും ചെയ്തേക്കും.” 8പ്രമാണിമാർ ജനത്തോടു തുടർന്നു പറയണം: “ഭയപ്പെട്ടു ധൈര്യം നഷ്ടപ്പെട്ട ആരെങ്കിലുമുണ്ടോ? അവന്റെ സഹോദരന്മാരുടെ ഹൃദയം അവന്റേതുപോലെ ഉരുകിപ്പോകാതിരിക്കേണ്ടതിന് അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.” 9പ്രമാണിമാർ ജനത്തോടു സംസാരിച്ചുതീരുമ്പോൾ, അവരെ നയിക്കുവാൻ സൈന്യാധിപന്മാരെ നിയമിക്കും.
10ഒരു നഗരത്തോടു യുദ്ധംചെയ്യുവാൻ അതിനോട് അടുക്കുമ്പോൾ, അതിനു സമാധാനം വാഗ്ദാനംചെയ്യുക. 11അതു സമാധാനത്തോടെ നിനക്കു മറുപടി നല്കി നിനക്കായി വാതിൽ തുറന്നാൽ, അതിലെ ജനമെല്ലാം നിനക്ക് ഊഴിയവേലക്കാരായി സേവചെയ്യും. 12എന്നാൽ അതു സമാധാനം നിരസിച്ചു നിന്നോടു യുദ്ധംചെയ്താൽ, അതിനെ ഉപരോധിക്കുക. 13നിന്റെ പിതാവ് അതിനെ നിന്റെ കൈയിൽ ഏല്പിക്കുമ്പോൾ, അതിലെ പുരുഷന്മാരെ എല്ലാം വാളിനിരയാക്കുക. 14എന്നാൽ സ്ത്രീകളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാറ്റിനെയും—അതിന്റെ കൊള്ളമുതൽ മുഴുവനും—നിങ്ങൾക്കായി കൊള്ളയിടാം; നിന്റെ പിതാവ് നിനക്കു നല്കിയിരിക്കുന്ന നിന്റെ ശത്രുക്കളുടെ കൊള്ളമുതൽ അനുഭവിക്കുകയുംചെയ്യാം. 15ഈ ജനതകളുടെ നഗരങ്ങളിൽ ഉൾപ്പെടാത്ത, ദൂരെയുള്ള എല്ലാ നഗരത്തോടും ഇപ്രകാരം പെരുമാറുക. 16എന്നാൽ നിന്റെ പിതാവ് നിനക്ക് അവകാശമായി നല്കുന്ന ഈ ജനതകളുടെ നഗരങ്ങളിൽ, ശ്വസിക്കുന്ന ഒന്നിനെയും ജീവനോടെ ശേഷിപ്പിക്കരുത്. 17മറിച്ച്, നിന്റെ പിതാവ് നിന്നോടു കല്പിച്ചതുപോലെ—ഹിത്യരെയും അമോര്യരെയും കനാന്യരെയും പെരിസ്യരെയും ഹിവ്യരെയും യെബൂസ്യരെയും—അവരെ പൂർണമായി നശിപ്പിക്കുവാൻ സമർപ്പിക്കുക, 18അവർ തങ്ങളുടെ ദേവന്മാർക്കായി ചെയ്യുന്ന സകല മ്ലേച്ഛതകളും അനുകരിക്കുവാൻ അവർ നിന്നെ പഠിപ്പിച്ചു നിന്റെ പിതാവിനെതിരേ നീ പാപംചെയ്യാതിരിക്കേണ്ടതിന്.
19ഒരു നഗരത്തെ പിടിച്ചടക്കുവാൻ യുദ്ധംചെയ്തു ദീർഘകാലം അതിനെ ഉപരോധിക്കുമ്പോൾ, അതിലെ വൃക്ഷങ്ങളുടെനേരേ കോടാലി വീശി അവയെ നശിപ്പിക്കരുത്. അവയിൽനിന്നു നിനക്കു ഭക്ഷിക്കാം, എന്നാൽ അവയെ വെട്ടിവീഴ്ത്തരുത്. വയലിലെ വൃക്ഷങ്ങൾ, നിന്റെ ശത്രുവെന്നപോലെ പെരുമാറപ്പെടേണ്ടതിന് മനുഷ്യരല്ലല്ലോ. 20ഭക്ഷണത്തിനുള്ളതല്ലെന്നു നിനക്കറിയാവുന്ന വൃക്ഷങ്ങളെ മാത്രം വെട്ടിവീഴ്ത്താം; നിന്നോടു യുദ്ധംചെയ്യുന്ന നഗരം വീഴുന്നതുവരെ അതിനെതിരേ ഉപരോധനിർമിതികൾ പണിയേണ്ടതിന്.