കവാടത്തിലെ നീതി
ഒരു സഹോദരൻ നിന്റെ കൺമുമ്പിൽ നിന്ദിതനാകാതിരിക്കാൻ അടി നാല്പതിൽ കവിയരുത്. ധാന്യം മെതിക്കുന്ന കാളയ്ക്ക് മുഖക്കൊട്ട കെട്ടരുത്. വിധവയുടെ മരിച്ചുപോയ ഭർത്താവിന്റെ പേര് അവന്റെ സഹോദരൻ നിലനിർത്തുന്നു, അല്ലെങ്കിൽ ആ സഹോദരൻ പട്ടണവാതിൽക്കൽ അപമാനിക്കപ്പെടുന്നു. തൂക്കങ്ങളും അളവുകളും സത്യസന്ധമായിരിക്കണം.
25 1മനുഷ്യർക്കിടയിൽ തർക്കമുണ്ടായി അവർ ന്യായാസനത്തിങ്കൽ ചെന്നാൽ, അവർക്കിടയിൽ വിധി കല്പിക്കുന്ന ന്യായാധിപന്മാർ നിരപരാധിയെ കുറ്റവിമുക്തനാക്കുകയും കുറ്റവാളിയെ ശിക്ഷയ്ക്കു വിധിക്കുകയും ചെയ്യണം; 2കുറ്റവാളി അടിക്കു യോഗ്യനെങ്കിൽ, ന്യായാധിപൻ അവനെ കിടത്തി തന്റെ മുമ്പിൽവച്ച് അടിപ്പിക്കണം; അവന്റെ കുറ്റത്തിന് ഒത്തവണ്ണം അടികളുടെ എണ്ണം നിശ്ചയിക്കണം. 3നാല്പത് അടി, അതിൽ കൂടരുത്; ഇതിലധികം അവനെ അടിച്ചാൽ, നിന്റെ സഹോദരൻ നിന്റെ കണ്മുമ്പിൽ നിന്ദിതനായിത്തീരും.
4മെതിക്കുന്ന കാളയുടെ വായ് മൂടിക്കെട്ടരുത്.
5സഹോദരന്മാർ ഒന്നിച്ചു പാർക്കുമ്പോൾ അവരിൽ ഒരുവൻ പുത്രനില്ലാതെ മരിച്ചാൽ, മരിച്ചവന്റെ ഭാര്യ പുറത്തുള്ള ഒരുവനെ വിവാഹം കഴിക്കരുത്. അവളുടെ ഭർത്താവിന്റെ സഹോദരൻ അവളെ ഭാര്യയായി സ്വീകരിച്ച് അവളോടുകൂടെ ശയിച്ച് ദേവരധർമം നിറവേറ്റണം. 6അവൾ പ്രസവിക്കുന്ന ആദ്യജാതൻ മരിച്ച സഹോദരന്റെ പേര് വഹിക്കണം; അങ്ങനെ അവന്റെ പേര് ഇസ്രായേലിൽനിന്ന് മാഞ്ഞുപോകാതിരിക്കും.
7സഹോദരന്റെ ഭാര്യയെ സ്വീകരിക്കാൻ ആ മനുഷ്യന് മനസ്സില്ലെങ്കിൽ, അവൾ കവാടത്തിങ്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്ന്, “എന്റെ ഭർത്താവിന്റെ സഹോദരൻ തന്റെ സഹോദരന്റെ പേര് ഇസ്രായേലിൽ നിലനിർത്താൻ വിസമ്മതിക്കുന്നു; എന്നോട് ദേവരധർമം ചെയ്യാൻ അവന് മനസ്സില്ല” എന്ന് പറയണം. 8അപ്പോൾ അവന്റെ പട്ടണത്തിലെ മൂപ്പന്മാർ അവനെ വിളിച്ചുവരുത്തി സംസാരിക്കണം. “അവളെ സ്വീകരിക്കാൻ എനിക്ക് മനസ്സില്ല” എന്ന് പറഞ്ഞ് അവൻ ഉറച്ചുനിന്നാൽ, 9അവന്റെ സഹോദരന്റെ ഭാര്യ മൂപ്പന്മാരുടെ മുമ്പിൽവച്ച് അവന്റെ അടുക്കൽ ചെന്ന് അവന്റെ കാലിൽനിന്ന് ചെരിപ്പ് ഊരിയെടുത്ത് അവന്റെ മുഖത്തു തുപ്പി, “തന്റെ സഹോദരന്റെ ഭവനം പണിയാത്ത മനുഷ്യനോട് ഇങ്ങനെ ചെയ്യപ്പെടും” എന്ന് പറയണം. 10അവന്റെ കുടുംബം ഇസ്രായേലിൽ “ചെരിപ്പ് ഊരിയെടുക്കപ്പെട്ടവന്റെ ഭവനം” എന്ന് വിളിക്കപ്പെടും.
11രണ്ടു പുരുഷന്മാർ തമ്മിൽ അടിപിടികൂടുമ്പോൾ, ഒരുവന്റെ ഭാര്യ തന്റെ ഭർത്താവിനെ അടിക്കുന്നവന്റെ കൈയിൽനിന്ന് വിടുവിക്കാൻ വന്ന്, കൈനീട്ടി അവന്റെ ഗുഹ്യഭാഗം പിടിച്ചാൽ, 12നീ അവളുടെ കൈ വെട്ടിക്കളയണം; കനിവ് കാണിക്കരുത്.
13വലുതും ചെറുതുമായ രണ്ടുതരം തൂക്കക്കട്ടികൾ നിന്റെ സഞ്ചിയിൽ ഉണ്ടായിരിക്കരുത്. 14വലുതും ചെറുതുമായ രണ്ടുതരം അളവുകൾ നിന്റെ വീട്ടിൽ ഉണ്ടായിരിക്കരുത്. 15നിന്റെ പിതാവ് നിനക്കു തരുന്ന ദേശത്ത് നിന്റെ ആയുസ്സ് ദീർഘമായിരിക്കേണ്ടതിന്, തികവും സത്യവുമുള്ള തൂക്കക്കട്ടിയും തികവും സത്യവുമുള്ള അളവും നിനക്കുണ്ടായിരിക്കണം. 16ഇങ്ങനെയുള്ളവ ചെയ്യുന്ന ഏവനും, അനീതി പ്രവർത്തിക്കുന്ന ഏവനും, നിന്റെ പിതാവിന് വെറുപ്പാകുന്നു.
17നീ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്നപ്പോൾ വഴിയിൽവച്ച് അമാലേക്ക് നിന്നോട് ചെയ്തത് ഓർക്കുക, 18നീ തളർന്നു ക്ഷീണിച്ചിരുന്നപ്പോൾ അവൻ വഴിയിൽ നിന്നെ എതിരേറ്റ്, നിന്റെ പിന്നിൽ പിന്തങ്ങിയവരെയെല്ലാം വെട്ടിവീഴ്ത്തി; നമ്മുടെ പിതാവിനെ അവൻ ഭയപ്പെട്ടതുമില്ല. 19നിന്റെ പിതാവ് നിനക്ക് അവകാശമായി കൈവശമാക്കാൻ തരുന്ന ദേശത്ത്, ചുറ്റുമുള്ള നിന്റെ സകല ശത്രുക്കളിൽനിന്നും നിന്റെ പിതാവ് നിനക്ക് വിശ്രമം നല്കുമ്പോൾ, അമാലേക്കിന്റെ ഓർമ ആകാശത്തിൻകീഴിൽനിന്ന് മായിച്ചുകളയണം; മറക്കരുത്.