ഭക്തിയിൽ നിന്നെത്തന്നെ അഭ്യസിപ്പിക്കുക
നമ്മുടെ പിതാവ് സൃഷ്ടിച്ചതെല്ലാം നല്ലതും സ്തോത്രത്തോടെ സ്വീകരിക്കപ്പെടുന്നതും ആയിരിക്കെ, വിവാഹവും ചില ഭക്ഷണങ്ങളും വിലക്കുന്ന ഉപദേഷ്ടാക്കന്മാരെക്കുറിച്ച് പൗലൊസ് മുന്നറിയിപ്പു നൽകുന്നു. തിമൊഥെയൊസ് ദൈവഭക്തിക്കായി തന്നെത്താൻ പരിശീലിപ്പിക്കണം, തന്റെ യൗവനം ആരും തുച്ഛീകരിക്കാൻ ഇടകൊടുക്കരുത്, തിരുവെഴുത്ത് പരസ്യമായി വായിക്കണം, തന്റെ ജീവിതവും ഉപദേശവും സൂക്ഷ്മമായി കാത്തുകൊള്ളണം.
4 1പരിശുദ്ധാത്മാവ് വ്യക്തമായി അരുളിച്ചെയ്യുന്നു: അന്ത്യകാലങ്ങളിൽ ചിലർ വഞ്ചകാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ശ്രദ്ധിച്ച് വിശ്വാസം ഉപേക്ഷിക്കും; 2സ്വന്തമനസ്സാക്ഷി ചുട്ടുപഴുത്ത ഇരുമ്പുകൊണ്ടെന്നപോലെ മരവിച്ചുപോയ ഭോഷ്കുപറയുന്നവരുടെ കാപട്യത്താൽ ഇതു സംഭവിക്കും. 3വിവാഹം വിലക്കുകയും, സത്യം അറിയുന്ന വിശ്വാസികൾ നന്ദിയോടെ സ്വീകരിക്കേണ്ടതിന് നമ്മുടെ പിതാവ് സൃഷ്ടിച്ച ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. 4നമ്മുടെ പിതാവ് സൃഷ്ടിച്ചതെല്ലാം നല്ലതാകുന്നു; നന്ദിയോടെ സ്വീകരിക്കുമ്പോൾ ഒന്നും ത്യജിക്കേണ്ടതല്ല, 5കാരണം നമ്മുടെ പിതാവിന്റെ വചനത്താലും പ്രാർഥനയാലും അതു വിശുദ്ധീകരിക്കപ്പെടുന്നു.
6ഇക്കാര്യങ്ങൾ സഹോദരീസഹോദരന്മാർക്ക് ഓർമിപ്പിച്ചാൽ, നീ അനുഗമിച്ച വിശ്വാസത്തിന്റെ വചനങ്ങളാലും നല്ല ഉപദേശത്താലും പോഷിപ്പിക്കപ്പെട്ട്, ക്രിസ്തുയേശുവിന്റെ നല്ലൊരു ശുശ്രൂഷകനായിത്തീരും. 7ഭക്തിവിരുദ്ധവും വ്യർഥവുമായ കെട്ടുകഥകളുമായി ഒരു ബന്ധവും വേണ്ട. പകരം, ഭക്തിയുള്ളവനായിത്തീരാൻ നിന്നെത്തന്നെ അഭ്യസിപ്പിക്കുക. 8ശാരീരികാഭ്യാസം അല്പം പ്രയോജനം ചെയ്യുന്നു; എന്നാൽ ദൈവഭക്തി ഇപ്പോഴത്തെ ജീവനും വരുവാനുള്ള ജീവനും വാഗ്ദാനം ചെയ്തുകൊണ്ട് എല്ലാവിധത്തിലും പ്രയോജനം ചെയ്യുന്നു. 9ഇത് വിശ്വാസയോഗ്യവും പൂർണമായി അംഗീകരിക്കത്തക്കതുമായ വചനമാകുന്നു. 10ഇതിനായിത്തന്നെയാണ് നാം അധ്വാനിക്കുകയും പോരാടുകയും ചെയ്യുന്നത്; എന്തെന്നാൽ എല്ലാ മനുഷ്യരുടെയും, വിശേഷിച്ച് വിശ്വാസികളുടെയും, രക്ഷകനായ ജീവനുള്ള പിതാവിൽ നാം പ്രത്യാശവച്ചിരിക്കുന്നു. 11ഇക്കാര്യങ്ങൾ കല്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുക.
12നിന്റെ യൗവനംനിമിത്തം ആരും നിന്നെ തുച്ഛീകരിക്കരുത്; വാക്കിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമലതയിലും വിശ്വാസികൾക്ക് മാതൃകയായിരിക്കുക. 13ഞാൻ വരുവോളം തിരുവെഴുത്തിന്റെ പരസ്യവായനയിലും പ്രസംഗത്തിലും ഉപദേശത്തിലും ശ്രദ്ധവയ്ക്കുക. 14മൂപ്പന്മാർ നിന്റെമേൽ കൈവച്ചപ്പോൾ പ്രവചനത്താൽ നിനക്കു ലഭിച്ച, നിന്നിലുള്ള ദാനം അവഗണിക്കരുത്. 15നിന്റെ പുരോഗതി എല്ലാവരും കാണേണ്ടതിന് ഇക്കാര്യങ്ങൾ അനുഷ്ഠിക്കുകയും അവയിൽ നിന്നെത്തന്നെ പൂർണമായി സമർപ്പിക്കുകയും ചെയ്യുക. 16നിന്നെയും നിന്റെ ഉപദേശത്തെയും സൂക്ഷ്മമായി ശ്രദ്ധിക്കുക. ഇതിൽ ഉറച്ചുനില്ക്കുക; എന്തെന്നാൽ അങ്ങനെ ചെയ്താൽ നിന്നെയും നിന്റെ ശ്രോതാക്കളെയും നീ രക്ഷിക്കും.