ശൗലിലൂടെ നമ്മുടെ പിതാവ് ഇസ്രായേലിനെ വിടുവിക്കുന്നു
ഓരോരുത്തന്റെയും വലങ്കണ്ണു വിലയായി തന്നാൽ സമാധാനം ആകാം എന്നു നാഹാശ് യാബേശ്-ഗിലെയാദിനോടു പറയുന്നു. വർത്തമാനം വരുമ്പോൾ നിലം ഉഴുതുകൊണ്ടിരുന്ന ശൗലിന്മേൽ ആത്മാവ് ശക്തിയോടെ വരുന്നു; യിസ്രായേലിനെ വിളിച്ചുകൂട്ടുവാൻ അവൻ തന്റെ കാളകളെ ഖണ്ഡംഖണ്ഡമാക്കുന്നു, രാവിലെയാകുമ്പോഴേക്കു അമ്മോന്യരെ തോല്പിച്ചോടിക്കുന്നു. തന്നെ വിമർശിച്ചവരെ കൊല്ലുവാൻ അവൻ സമ്മതിക്കുന്നില്ല: ഇന്നു നമ്മുടെ പിതാവ് രക്ഷ വരുത്തിയിരിക്കുന്നു.
11 1അപ്പോൾ അമ്മോന്യനായ നാഹാശ് കയറിവന്ന് യാബേശ്-ഗിലെയാദിന് നേരേ പാളയമിറങ്ങി. യാബേശിലെ സകല പുരുഷന്മാരും നാഹാശിനോട്, “ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യുക, എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം” എന്ന് പറഞ്ഞു.
2അമ്മോന്യനായ നാഹാശ് മറുപടി പറഞ്ഞു: “ഞാൻ നിങ്ങളോട് ഇപ്രകാരം ഉടമ്പടി ചെയ്യാം: ഞാൻ ഓരോരുത്തന്റെയും വലത്തെ കണ്ണ് ചൂഴ്ന്നെടുത്ത് സകല ഇസ്രായേലിന്റെയുംമേൽ അപമാനം വരുത്തും.”
3യാബേശിലെ മൂപ്പന്മാർ അവനോട്, “ഇസ്രായേലിന്റെ സകല ദേശത്തുംകൂടി സന്ദേശവാഹകരെ അയയ്ക്കാൻ ഞങ്ങൾക്ക് ഏഴു ദിവസം തരിക. ആരും ഞങ്ങളെ രക്ഷിക്കുന്നില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ കീഴടങ്ങാം” എന്ന് പറഞ്ഞു. 4സന്ദേശവാഹകർ ശൗലിന്റെ ഗിബെയയിൽ എത്തി ജനത്തോട് സംഭവിച്ചത് അറിയിച്ചപ്പോൾ അവരെല്ലാവരും ഉച്ചത്തിൽ കരഞ്ഞു.
5അപ്പോൾതന്നെ ശൗൽ തന്റെ കാളകളുടെ പിന്നാലെ വയലിൽനിന്ന് വന്നു. അവൻ, “ജനത്തിന് എന്തു പറ്റി? അവർ കരയുന്നത് എന്തിന്?” എന്ന് ചോദിച്ചു. അപ്പോൾ അവർ യാബേശിലെ പുരുഷന്മാരുടെ വർത്തമാനം അവനോട് പറഞ്ഞു. 6ശൗൽ ഈ വാക്കുകൾ കേട്ടപ്പോൾ നമ്മുടെ പിതാവിന്റെ ആത്മാവ് അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഉഗ്രമായി ജ്വലിച്ചു. 7അവൻ ഒരു ഏർ കാളകളെ എടുത്ത് കഷണങ്ങളായി മുറിച്ച് സന്ദേശവാഹകർ മുഖേന ഇസ്രായേലിന്റെ സകല ദേശത്തുംകൂടി അയച്ചു: “ശൗലിന്റെയും ശമുവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാത്തവന്റെ കാളകളോട് ഇപ്രകാരം ചെയ്യും.” അപ്പോൾ നമ്മുടെ പിതാവിനെക്കുറിച്ചുള്ള ഭയം ജനത്തിന്മേൽ വീണു, അവർ ഏകമനുഷ്യനെപ്പോലെ പുറപ്പെട്ടുവന്നു. 8അവൻ ബേസെക്കിൽവെച്ച് അവരെ എണ്ണി: ഇസ്രായേല്യർ മൂന്നുലക്ഷം, യെഹൂദാപുരുഷന്മാർ മുപ്പതിനായിരം. 9വന്ന സന്ദേശവാഹകരോട് അവർ, “യാബേശ്-ഗിലെയാദിലെ പുരുഷന്മാരോട് ഇപ്രകാരം പറയുവിൻ: നാളെ വെയിൽ ചൂടാകുമ്പോഴേക്കും നിങ്ങൾ രക്ഷിക്കപ്പെടും” എന്ന് പറഞ്ഞു. സന്ദേശവാഹകർ ചെന്ന് യാബേശിലെ പുരുഷന്മാരോട് അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു. 10യാബേശിലെ പുരുഷന്മാർ, “നാളെ ഞങ്ങൾ നിന്റെ അടുക്കൽ കീഴടങ്ങാം; നിനക്ക് ഇഷ്ടമുള്ളതെല്ലാം ഞങ്ങളോട് ചെയ്യുക” എന്ന് പറഞ്ഞു. 11പിറ്റേന്ന് ശൗൽ ജനത്തെ മൂന്നു ഗണമായി വിഭജിച്ചു. പ്രഭാതയാമത്തിൽ അവർ പാളയത്തിൽ കടന്ന് പകലിന്റെ ചൂടുവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവർ ചിതറിപ്പോയി, രണ്ടുപേർപോലും ഒരുമിച്ച് ശേഷിച്ചില്ല.
നമ്മുടെ പിതാവിന്റെ മുമ്പാകെ രാജത്വം പുതുക്കപ്പെടുന്നു
12ജനം ശമുവേലിനോട്, “‘ശൗൽ നമ്മുടെമേൽ വാഴുമോ?’ എന്ന് ചോദിച്ചത് ആരാണ്? ആ മനുഷ്യരെ ഏല്പിച്ചുതരിക—ഞങ്ങൾ അവരെ കൊല്ലും” എന്ന് പറഞ്ഞു.
13എന്നാൽ ശൗൽ, “ഇന്ന് ആരും കൊല്ലപ്പെടുകയില്ല, എന്തെന്നാൽ ഇന്ന് നമ്മുടെ പിതാവ് ഇസ്രായേലിന് രക്ഷ വരുത്തിയിരിക്കുന്നു” എന്ന് പറഞ്ഞു.
14ശമുവേൽ ജനത്തോട്, “വരുവിൻ, നമുക്ക് ഗില്ഗാലിലേക്ക് പോയി അവിടെ രാജത്വം പുതുക്കാം” എന്ന് പറഞ്ഞു. 15ജനമെല്ലാം ഗില്ഗാലിലേക്ക് പോയി അവിടെ നമ്മുടെ പിതാവിന്റെ മുമ്പാകെ ശൗലിനെ രാജാവാക്കി. അവിടെ അവർ നമ്മുടെ പിതാവിന്റെ മുമ്പാകെ സമാധാനയാഗങ്ങൾ അർപ്പിച്ചു, ശൗലും സകല ഇസ്രായേൽ പുരുഷന്മാരും ഏറ്റവും സന്തോഷിച്ചു.