ഏഴുവട്ടം ഊതിക്കഴിച്ച വെള്ളി
സംഗീതസംവിധായകന്. ശെമീനീത്ത് രാഗത്തില്‍. ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
വിശ്വസ്തർ ഇല്ലാതായിരിക്കുന്നു; എല്ലാവരും ഇരുമനസ്സോടെ മുഖസ്തുതി പറയുന്നു. വമ്പു പറയുന്ന നാവുകൾ ഛേദിക്കപ്പെടണമെന്ന് സങ്കീർത്തനക്കാരൻ അപേക്ഷിക്കുന്നു; അവന് ഉത്തരം കിട്ടുന്നു: എളിയവർ നെടുവീർപ്പിടുന്നതുകൊണ്ട് താൻ എഴുന്നേൽക്കുമെന്ന് നമ്മുടെ പിതാവ് പറയുന്നു. അവന്റെ വചനങ്ങൾ ഏഴു പ്രാവശ്യം ശുദ്ധിചെയ്ത വെള്ളിയാണ്.
12 1നമ്മുടെ പിതാവേ, സഹായിക്കണമേ; വിശ്വസ്തര്‍ ഇല്ലാതായിരിക്കുന്നു; കൂറുള്ളവര്‍ മനുഷ്യമക്കളുടെ ഇടയില്‍നിന്ന് മറഞ്ഞുപോയിരിക്കുന്നു. 2ഓരോരുത്തനും തന്റെ അയല്‍ക്കാരനോട് ഭോഷ്ക് പറയുന്നു; മുഖസ്തുതിയുള്ള അധരങ്ങളോടും ഇരുമനസ്സോടുംകൂടി അവര്‍ സംസാരിക്കുന്നു. 3മുഖസ്തുതിയുള്ള എല്ലാ അധരങ്ങളെയും വമ്പു പറയുന്ന എല്ലാ നാവിനെയും നമ്മുടെ പിതാവ് ഛേദിച്ചുകളയുമാറാകട്ടെ, 4“ഞങ്ങളുടെ നാവുകൊണ്ട് ഞങ്ങള്‍ ജയിക്കും; ഞങ്ങളുടെ അധരങ്ങള്‍ ഞങ്ങള്‍ക്കു സ്വന്തം — ഞങ്ങള്‍ക്കു യജമാനനായി ആരുള്ളൂ?” എന്നു പറയുന്നവരെത്തന്നെ.
5“എളിയവര്‍ കൊള്ളയടിക്കപ്പെടുന്നതുകൊണ്ടും ദരിദ്രര്‍ ഞരങ്ങുന്നതുകൊണ്ടും ഞാന്‍ ഇപ്പോള്‍ എഴുന്നേല്‍ക്കും; അതിനായി കൊതിക്കുന്നവനെ ഞാന്‍ സുരക്ഷിതത്വത്തിലേക്കു കൊണ്ടുവരും” എന്നു നമ്മുടെ പിതാവ് അരുളിച്ചെയ്യുന്നു.
6നമ്മുടെ പിതാവിന്റെ വചനങ്ങള്‍ നിര്‍മലമായ വചനങ്ങളാകുന്നു; മണ്‍ചൂളയില്‍ ഏഴുവട്ടം ഊതിക്കഴിച്ച് ശുദ്ധീകരിച്ച വെള്ളിതന്നെ. 7നമ്മുടെ പിതാവേ, ദരിദ്രരെ അങ്ങ് സുരക്ഷിതരായി കാത്തുകൊള്ളും; ഈ തലമുറയില്‍നിന്ന് അങ്ങ് ഞങ്ങളെ എന്നേക്കും കാത്തുസൂക്ഷിക്കും. 8മനുഷ്യമക്കളുടെ ഇടയില്‍ നീചത്വം ഉയര്‍ത്തപ്പെടുമ്പോള്‍ ദുഷ്ടന്മാര്‍ എല്ലാവശത്തും ചുറ്റിനടക്കുന്നു.