കർത്താവിന്റെ ദിവസം വരുന്നു
ആ ദിവസം കള്ളനെപ്പോലെ വരുന്നു; എന്നാൽ അവർ അതിനെക്കുറിച്ച് ഇരുട്ടിലല്ല, അതുകൊണ്ട് ഉണർന്നും സുബോധത്തോടെയും ഇരിക്കുക. സമാപനം വേഗത്തിലുള്ള ഒരു പട്ടികയാണ്: നിങ്ങളുടെ നേതാക്കന്മാരെ ബഹുമാനിക്കുക, മനസ്സിടിഞ്ഞവരെ ആശ്വസിപ്പിക്കുക, ക്ഷമയുള്ളവരായിരിക്കുക, സന്തോഷിക്കുക, പ്രാർത്ഥിക്കുക, സ്തോത്രം ചെയ്യുക, എല്ലാം ശോധന ചെയ്യുക, നല്ലതു മുറുകെപ്പിടിക്കുക.
5 1സഹോദരീസഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയുംകുറിച്ച് നിങ്ങൾക്ക് എഴുതിയയയ്ക്കേണ്ട ആവശ്യമില്ല. 2നമ്മുടെ കർത്താവായ യേശുവിന്റെ ദിവസം രാത്രിയിൽ കള്ളൻ വരുന്നതുപോലെ വരുന്നു എന്ന് നിങ്ങൾതന്നെ നന്നായി അറിയുന്നുവല്ലോ. 3“സമാധാനവും സുരക്ഷിതത്വവും” എന്ന് ജനം പറയുമ്പോൾ, ഗർഭിണിക്കു പ്രസവവേദന വരുന്നതുപോലെ പെട്ടെന്നുള്ള നാശം അവരുടെമേൽ വന്നുഭവിക്കും; അവർ രക്ഷപ്പെടുകയുമില്ല. 4എന്നാൽ സഹോദരീസഹോദരന്മാരേ, ആ ദിവസം കള്ളനെപ്പോലെ നിങ്ങളെ അമ്പരപ്പിക്കുമാറ് നിങ്ങൾ ഇരുട്ടിലല്ല. 5നിങ്ങളെല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളുമാകുന്നു; നാം രാത്രിക്കോ ഇരുട്ടിനോ ഉള്ളവരല്ല. 6ആകയാൽ, മറ്റുള്ളവരെപ്പോലെ നാം ഉറങ്ങാതെ, ഉണർന്നും സുബോധത്തോടെയും ഇരിക്കുക. 7ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിച്ച് ലഹരിപിടിക്കുന്നവർ രാത്രിയിൽ ലഹരിപിടിച്ചിരിക്കുന്നു. 8എന്നാൽ നാം പകലിനുള്ളവരാകയാൽ, വിശ്വാസവും സ്നേഹവും കവചമായും രക്ഷയുടെ പ്രത്യാശ ശിരോകവചമായും ധരിച്ച് സുബോധത്തോടെ ഇരിക്കുക. 9എന്തെന്നാൽ നമ്മുടെ പിതാവ് നമ്മെ കോപത്തിനായിട്ടല്ല, നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ രക്ഷ പ്രാപിക്കുവാനത്രേ നിയമിച്ചിരിക്കുന്നത്. 10നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും അവിടുത്തോടുകൂടെ ജീവിക്കേണ്ടതിന് അവിടുന്ന് നമുക്കുവേണ്ടി മരിച്ചു. 11അതുകൊണ്ട്, നിങ്ങൾ ഇപ്പോൾ ചെയ്യുന്നതുപോലെതന്നെ, അന്യോന്യം പ്രോത്സാഹിപ്പിക്കുകയും അന്യോന്യം ആത്മികവർധനവ് വരുത്തുകയും ചെയ്യുവിൻ.
വെളിച്ചത്തിന്റെ മക്കളായി ജീവിക്കുക
12സഹോദരീസഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അധ്വാനിക്കുകയും കർത്താവിൽ നിങ്ങളെ നയിക്കുകയും നിങ്ങളെ തിരുത്തുകയും ചെയ്യുന്നവരെ ആദരിക്കണമെന്ന് ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു. 13അവരുടെ പ്രവൃത്തിനിമിത്തം സ്നേഹത്തിൽ അവരെ അത്യധികം ബഹുമാനിക്കുവിൻ. അന്യോന്യം സമാധാനത്തോടെ ജീവിക്കുവിൻ.
14സഹോദരീസഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു: അലസരെ തിരുത്തുവിൻ, നിരുത്സാഹിതരെ ആശ്വസിപ്പിക്കുവിൻ, ദുർബലരെ താങ്ങുവിൻ, എല്ലാവരോടും ക്ഷമയുള്ളവരായിരിക്കുവിൻ. 15ആരും ആരോടും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കാൻ നോക്കുവിൻ; എന്നാൽ അന്യോന്യവും എല്ലാവരോടും എപ്പോഴും നന്മ ചെയ്യുവാൻ ശ്രമിക്കുവിൻ.
16എപ്പോഴും സന്തോഷിക്കുവിൻ, 17ഇടവിടാതെ പ്രാർഥിക്കുവിൻ, 18എല്ലാറ്റിലും നന്ദി കരേറ്റുവിൻ; എന്തെന്നാൽ ക്രിസ്തുയേശുവിൽ നമ്മുടെ പിതാവിന് നിങ്ങളെക്കുറിച്ചുള്ള ഇഷ്ടം ഇതത്രേ. 19പരിശുദ്ധാത്മാവിനെ കെടുത്തിക്കളയരുത്. 20പ്രവചനങ്ങളെ നിന്ദിക്കരുത്, 21എന്നാൽ എല്ലാം പരിശോധിക്കുവിൻ; നല്ലതു മുറുകെപ്പിടിക്കുവിൻ. 22എല്ലാവിധ തിന്മയിൽനിന്നും അകന്നിരിക്കുവിൻ.
23സമാധാനത്തിന്റെ നമ്മുടെ പിതാവ് തന്നെ നിങ്ങളെ പൂർണമായി വിശുദ്ധീകരിക്കുമാറാകട്ടെ; നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ആഗമനത്തിങ്കൽ നിങ്ങളുടെ ആത്മാവും പ്രാണനും ശരീരവും മുഴുവനും കുറ്റമറ്റതായി കാക്കപ്പെടുമാറാകട്ടെ. 24നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തനാകുന്നു; അവിടുന്ന് അതു നിശ്ചയമായും നിറവേറ്റും.
25സഹോദരീസഹോദരന്മാരേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുവിൻ.
26വിശുദ്ധചുംബനത്താൽ സകല സഹോദരീസഹോദരന്മാരെയും വന്ദനം ചെയ്യുവിൻ. 27ഈ ലേഖനം സകല സഹോദരീസഹോദരന്മാരെയും വായിച്ചുകേൾപ്പിക്കണമെന്ന് കർത്താവിന്റെ മുമ്പാകെ ഞാൻ നിങ്ങളോടു കല്പിക്കുന്നു.
28നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.